ന്യൂഡൽഹി: പഠന, ഗവേഷണ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തയാറാക്കിയ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പട്ടികയിൽ ആർക്കിടെക്‌ചർ വിഭാഗത്തിൽ മൂന്നാം റാങ്കു നേടി കാലിക്കറ്റ് എൻ.ഐ.ടി കേരളത്തിന്റെ അഭിമാനമായി. സമഗ്ര മികവിലും എൻജിനിയറിംഗിലും മദ്രാസ് ഐ.ഐ.ടി ഒന്നാമതായി. സർവ്വകലാശാലാ വിഭാഗത്തിൽ ബംഗളൂർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസിനും, മാനേജ്മെന്റ് വിഭാഗത്തിൽ ഐ.ഐ.എം അഹമ്മദാബാദിനുമാണ് ഒന്നാം റാങ്ക്.ഖരഗ്‌പൂർ , റൂർക്കി ഐ.ഐ.ടികൾക്ക് പിന്നിലായാണ് ആർക്കിടെക്‌ചറിൽ കാലിക്കറ്റ് എൻ.ഐ.ടി(പഴയ ആർ.ഇ.സി) മൂന്നാം സ്ഥാനത്തെത്തിയത്. മാനേജ്‌മെന്റ് വിഭാഗത്തിൽ കോഴിക്കോട് ഐ. ഐ.എമ്മിന് ആറാം റാങ്ക് ലഭിച്ചതാണ് കേരളത്തിന്റെ മറ്റൊരു നേട്ടം. കോയമ്പത്തൂരിലെ അമൃത വിശ്വ വിദ്യാപീഠം സർവകലാശാലാ വിഭാഗത്തിൽ നാലാം റാങ്കു നേടി.കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇന്ത്യാ റാങ്കിംഗ് ഇന്നലെ പുറത്തിറക്കിയത്.
കേരള സർവകലാശാലയ്ക്ക്
സംസ്ഥാനത്ത് ഒന്നാം സ്ഥാനം
*രാജ്യത്തെ 23-ാം റാങ്ക്
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുളള നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ്
റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിംഗിൽ കേരള സർവകലാശാല സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിറുത്തി. ദേശീയതലത്തിൽ 23-ാം സ്ഥാനവും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42 --ാം സ്ഥാനവുമുണ്ട്. അദ്ധ്യാപന, പഠന വിഭാഗത്തിൽ നൂറിൽ 73.76 സ്കോർ. വിദ്യാർത്ഥികളിൽ ബിരുദം നേടുന്നവരുടെ ശരാശരി 86 ആണ്.
കേരളയുടെ പഠനവകുപ്പുകളുടെ കഴിഞ്ഞ അക്കാഡമിക് വർഷത്തെ ഗവേഷണ പ്രോജക്ടുകൾ റാങ്കിംഗ് നിലനിറുത്താൻ സഹായകമായി. അദ്ധ്യാപനരംഗത്തെ പരിഷ്കാരങ്ങൾ, ഓൺലൈൻ പഠനത്തിന് തനതായി വികസിപ്പിച്ച സാങ്കേതിക വിദ്യ, കാര്യവട്ടത്തെ അത്യാധുനിക ഐ.ടി ഉപകരണങ്ങൾ എന്നിവ അക്കാഡമിക്
രംഗത്തെ കാര്യശേഷി പ്രകടമാക്കുന്നവയാണ്. അഫിലിയേറ്റഡ് കോളേജുകൾക്ക് പുറമെ സർവകലാശാല നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെലവ് കുറഞ്ഞ ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നു. കായിക മേഖലയിലെ മികച്ച പ്രകടനങ്ങളും പരിഗണിച്ചു.
എന്നാൽ ,അദ്ധ്യാപക ഒഴിവുകളിൽ യഥാസമയം നിയമനം നടത്തിയിരുന്നെങ്കിൽ കേരളയുടെ റാങ്കിംഗ് ഇതിലും മെച്ചപ്പെടുത്താനാവുമായിരുന്നു. 49 അദ്ധ്യാപക തസ്തികകൾ ഇക്കൊല്ലം നികത്തിയത് റാങ്കിംഗിന് പരിഗണിച്ചിട്ടില്ല.