pinarayi

തിരുവനന്തപുരം: ദീർഘദൂര ട്രെയിനുകളിൽ നാട്ടിലേക്ക് എത്തുന്നവർ സമീപജില്ലയിലെ സ്റ്റേഷനിൽ ഇറങ്ങി വേറെ ട്രെയിനിൽ യാത്ര ചെയ്യുകയും അതിലൂടെ പരിശോധകരുടെ കണ്ണ് വെട്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അങ്ങനെ എറണാകുളത്തുനിന്ന് കൊല്ലത്ത് വേറെ ട്രെയിനിൽ വന്നിറങ്ങിയവരെ പൊലീസ് കണ്ടെത്തി. ഇത്തരക്കാർ തോൽപ്പിക്കുന്നത് പരിശോധനാ സംവിധാനത്തെയല്ല. സ്വന്തം സഹോദരങ്ങളെ തന്നെയാണ്. അതിൽ ഒരാൾക്കെങ്കിലും രോഗബാധയുണ്ടെങ്കിൽ സമൂഹം അതിനു വലിയ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിൽ ഹൃദ്രോഗ ആശുപത്രിയിൽ എത്തിയ വനിത ബംഗളൂരുവിൽ നിന്ന് വന്നതാണെന്ന വിവരം മറച്ചുവച്ചു. ആൻജിയോ പ്ലാസ്റ്റി ചെയ്ത ശേഷം അവർ മരണമടഞ്ഞതോടെയാണ് യാത്രയുടെയും മറ്റും വിവരം അറിഞ്ഞത്. അതോടെ ആശുപത്രി ഒന്നടങ്കം പ്രതിസന്ധിയിലായി. രണ്ടു ദിവസത്തിനു ശേഷം കൊവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചപ്പോഴാണ് ആശ്വാസമായത്. ഉന്നത വിദ്യാഭ്യാസമൊക്കെയുള്ള കുടുംബമായിട്ടും ഇങ്ങനെ മറച്ചുവയ്ക്കാനുള്ള പ്രവണത കാണിച്ചത് ശരിയല്ല. ചില സ്ഥലങ്ങളിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നമ്പർ പോലും സേവ് ചെയ്യാൻ തയ്യാറാകാത്ത ആളുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.