കിളിമാനൂർ: വീട്ടമ്മയുടെ മരണത്തിന് കാരണക്കാരനായ യുവാവിനെ റിമാൻഡ് ചെയ്തു. ഭർത്തൃമതിയും രണ്ട് കുട്ടിളുടെ മാതാവുമായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടമ്മയുടെ ആൺ സുഹൃത്തിനെ കിളിമാനൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ വീട്ടമ്മയെ പീഡിപ്പിച്ച കന്യാകുമാരിയിലും പ്രതിയുടെ വീട്ടിലും യുവതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. കിളിമാനൂർ കാട്ടുംപുറം മൂർത്തിക്കാവ് സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്മിൾ ഈട്ടിമുട് അശ്വതി ഭവനിൽ അരുൺ എസ്. നായർ (കണ്ണൻ 27) ആണ് പിടിയിലായത്. യുവാവും വീട്ടമ്മയും തമ്മിൽ വർഷങ്ങളുടെ അടുപ്പമുണ്ട്. ഇവരുടെ പക്കൽ നിന്നു കണ്ടെടുത്ത കത്തിൽ പ്രതിയുടെ പീഡന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും വീശദികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. പ്രതി നാട്ടുകാരുടെ കണ്ണിലുണ്ണി ചമഞ്ഞ് നിരവധി പേരിൽ നിന്ന് പണവും സ്വണവും കൈക്കലാക്കിയിട്ടുണ്ടാകുമെന്നും മറ്റാരെങ്കിലും ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണന്നും പൊലീസ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിയെ തത്കാലം കസ്റ്റഡിയിൽ വാങ്ങുന്നില്ലെന്ന് കിളിമാനൂർ എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാർ അറിയിച്ചു.