jose-k-mani-
JOSE K MANI

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മദ്ധ്യസ്ഥനായി രംഗത്തിറങ്ങിയിട്ടും, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസ്- ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലെ തർക്കം നീളുന്നു.

ഉപാധികളോടെ വിട്ടുവീഴ്ചയാകാമെന്ന നിലയിലേക്ക് ജോസ് കെ. മാണി അയഞ്ഞതാണ് ഇന്നലത്തെ പറയത്തക്ക മാറ്റം. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റ് പങ്കിടലിൽ തങ്ങളുടെ അവകാശവാദമുറപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ, ആദ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി, ശേഷം ചർച്ചയെന്ന് പി.ജെ. ജോസഫ് ശഠിച്ചു. ഇന്ന് പരിഹാരമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് കുഞ്ഞാലിക്കുട്ടിയും യു.ഡി.എഫ് നേതൃത്വവും.

മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെക്കൊണ്ട് കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിപ്പിച്ച ശേഷമാണ് ജോസ് കെ.മാണി അയയാൻ തയാറായതെന്ന് സൂചനയുണ്ട്. കെ.എം. മാണിയും കൊടപ്പനയ്ക്കൽ തറവാടും തമ്മിലുള്ള ബന്ധം തങ്ങൾ ഓർമ്മിപ്പിച്ചതായാണറിവ്. ഉച്ച കഴിഞ്ഞുള്ള ചർച്ചയിലാണ് ജോസ് പക്ഷത്ത് നിന്ന് വിട്ടുവീഴ്ചയുടെ സൂചനയുയർന്നത്. ഉപാധികളിൽ പ്രധാനം കഴിഞ്ഞതവണ മാണി വിഭാഗത്തിനുണ്ടായിരുന്ന 11 നിയമസഭാ സീറ്റുകളും വേണമെന്നതാണ്. നാല് സീറ്റാണ് ജോസഫിന് നൽകിയിരുന്നത്. ജോസ് വിഭാഗക്കാരൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ച ശേഷം യു.ഡി.എഫ് നേതൃത്വവുമായി ചർച്ചയ്ക്ക് തങ്ങൾ സന്നദ്ധമാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. .