പൂവാർ: നാട്ടിൻപുറത്ത് സജീവമായിരുന്ന പലഹാര നിർമ്മാണ യൂണിറ്റുകളാണ് കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തിരുപുറത്തെ പുത്തൻകട, പൂവാർ, അരുമാനൂർ തുടങ്ങിയിടങ്ങളിൽ പ്രവർത്തിച്ചിരുന്ന നിരവധി യൂണിറ്റുകളുടെ പ്രവർത്തനം നിലച്ചു. കോവളം, വെടിവെച്ചാൻകോവിൽ, അമരവിള, പരശുവയ്ക്കൽ, പാറശ്ശാല എന്നിവിടങ്ങളിലും സജീവമായിരുന്ന ഇത്തരം നിർമ്മാണ യൂണിറ്റുകൾ പ്രതിസന്ധിയിൽ തുടരുകയാണ്. പഴയകട ജംഗ്‌ഷനിൽ തുടങ്ങി പുത്തൻകട വരെ നീളുന്ന പലഹാര നിർമ്മാണ യൂണിറ്റുകളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. നിലവില സാഹചര്യത്തിൽ ഇവർക്ക് ഉപജീവനത്തിന് പുതുവഴി തേടേണ്ട അവസ്ഥയാണ്. രുചിയൂറുന്ന പലഹാരങ്ങൾ കൺമുന്നിൽ വച്ചുതന്നെ നിർമ്മിച്ചു തരുന്നു എന്നതാണ് ഇത്തരം പലഹാര യൂണിറ്റുകളുടെ പ്രത്യേകത. ന്യായമായ വിലയ്ക്ക് പലഹാരങ്ങൾ ലഭിക്കുന്നതിനാൽ സ്വന്തം ആവശ്യത്തിനും വ്യാപാര ആവശ്യത്തിനുമായി നിരവധി സ്ഥലങ്ങളിൽ നിന്ന് പലഹാരത്തിനായി അളുകൾ ഇവിടെ എത്താറുണ്ടായിരുന്നു. ഇവിടെ നിന്നും പലഹാരങ്ങൾ ശേഖരിച്ച് സ്വന്തം യൂണിറ്റുകളുടെ പേരിൽ പായ്ക്ക് ചെയ്ത് കച്ചവടം നടത്തുന്നവരും കുറവല്ല. കൈകൊണ്ട് നിർമ്മിക്കുന്ന മുറുക്ക്, അച്ചപ്പം, പക്കാവട, കാരാവട, നെയ്യപ്പം, ക്കേക്ക്, പരിപ്പുവട, ഉള്ളിവട, ലഡു, ജിലേബി, ഇനിപ്പിച്ചേവ്, മുന്തിരിക്കൊത്ത്, മിച്ചർ, വാഴയ്ക്കാ, ചക്ക, കപ്പ, പൊട്ടറ്റോ ചിപ്പ്സുകൾ, സമോസ, പബ്സ് തുടങ്ങി ഏത് പലഹാരവും ആവശ്യാനുസരണം ഇവിടെ നിർമ്മിച്ച് നൽകാറുണ്ട്.
ഇവിടെ വിലയിങ്ങനെ
3 പിരിമുറുക്കിന് 5 രൂപയും 5 പിരിമുറുക്കിന് 10 രൂപയുമാണ് വില
അച്ചപ്പം ചെറുത് 5 രൂപയും വലുത് 7 രൂപ
നെയ്യപ്പം മുന്തിരിക്കൊത്ത് തുടങ്ങിയവയ്ക്ക് 10 രൂപയും വില നൽകണം
പക്കാവട, കാരാവട, ഇനിപ്പിച്ചേവ്, മിച്ചർ, ചിപ്സ് തുടങ്ങിയവ തൂക്കമനുസരിച്ചാണ് വില
യന്ത്രങ്ങളിൽ നിർമ്മിക്കുന്ന പലഹാരങ്ങൾക്ക് രുചിയും,വിലയും കുറവാണ്. 5 പിരി മുറുക്ക് മൊത്ത വില 20 രൂപ മാത്രം. അച്ചപ്പം 10 എണ്ണം 20 രൂപയും. ഇത് വിപണിയിലെത്തുമ്പോൾ 45 മുതൽ 50 രൂപവരെ വിലയുണ്ടാകും.
കടമ്പകൾ ഏറെ
അസംസ്കൃത വസ്തുക്കളുടെ വില നാൾക്കുനാൾ കുതിച്ചു കയറുകയാണ്. 15 ലിറ്റർ പാമോയിലിന്റെ ഒരു കാനിന് 1350 രൂപയും പച്ചരി 1 കിലോയ്ക്ക് 28 രൂപയും കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ലോക്ക് ഡൗണിനെ തുടർന്ന് എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടന്നിരുന്നതിനാൽ ബഹുഭൂരിപക്ഷം യൂണിറ്റുകളും പൂട്ടിയിട്ടിരിക്കുകയായിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായിട്ട് അവയിൽ ചിലത് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഉത്പാദനം കുറച്ചും തൊഴിലാളികളെ ഒഴിവാക്കിയുമാണ് പല യൂണിറ്റുകളും ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നത്. എല്ലാവർക്കും തൊഴിൽ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് യൂണിറ്റുടമകൾ പറയുന്നു. പണമില്ലാത്തതിനാൽ പലരും റീ ഓപ്പണിംഗിന് ശ്രമിക്കുന്നില്ല. ദേശസാത്കൃത ബാങ്കുകൾ തങ്ങളെ കൈയൊഴികയാണെന്നും പരാതിയുണ്ട്. ഉത്തരം ചെറുകിട യൂണിറ്റുകൾക്ക് പലിശരഹിത വായ്പ അടിയന്തരമായി അനുവദിക്കണമെന്നാണ് ജീവനക്കാരുടെയും യൂണിറ്റ് ഉടമകളുടെയും ആവശ്യം.