chirappad-palam

കല്ലമ്പലം: റോഡ്‌ വികസിച്ചെങ്കിലും മുത്താന ചിറപ്പാട് പാലം കടക്കാൻ ഇപ്പോഴും അക്കരെയിക്കരെ കാത്തുനിൽക്കണം. ഒരു വാഹനത്തിന് കടന്നുപോകാൻ പാകത്തിൽ നിർമിച്ച പാലമാണ് ഇവിടെയുള്ളത്.

തോടിന് കുറുകേ നിർമിച്ചിട്ടുള്ള പാലത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. വല്ലപ്പോഴും ഒരു വാഹനം മാത്രം കടന്നുപോയിരുന്ന കാലത്ത് നിർമിച്ചതാണ് പാലം. വാഹനങ്ങളുടെ തിരക്ക് കൂടിയതോടെ പാലം പുതുക്കിപ്പണിയണമെന്നാവശ്യവും ശക്തമായി. നാട്ടുകാർ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഞെക്കാട് - ചാവർകോട് റോഡിൽ മുത്താനയ്ക്ക് സമീപമാണ് കുപ്പി കഴുത്തുപോലുള്ള പാലമുള്ളത്. ചെമ്മരുതി പഞ്ചായത്ത് പരിധിയിലാണിത്. റോഡിൽ പൊതുവാഹനങ്ങളുടെയും സ്വകാര്യവാഹനങ്ങളുടെയും തിരക്കുണ്ടായിട്ടും റോഡ്‌ വലുതായിട്ടും പാലത്തിനു മാത്രം വികസനമുണ്ടായില്ല. ഒരു വാഹനത്തിനു മാത്രമേ പാലത്തിലൂടെ ഒരു സമയം കടന്നുപോകാൻ കഴിയൂ. ഇതുമൂലം പാലത്തിന്റെ ഇരുവശത്തും വാഹനങ്ങളുടെ നിര മിക്കപ്പോഴും കാണാം.

ആധുനികരീതിയിൽ നവീകരിച്ച റോഡിലൂടെ സാമാന്യം വേഗത്തിലാണിപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. പാലമെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. മാത്രമല്ല, വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് കുലുക്കവും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. നിരവധി സർവീസ് ബസുകളുള്ള റൂട്ടാണിത്. സ്കൂൾ ബസുകളുൾപ്പെടെയുള്ള പൊതുവാഹനങ്ങൾ ഈ റോഡിനെ ധാരാളമായി ആശ്രയിക്കുന്നുണ്ട്. വാഹനങ്ങൾ പാലത്തിലൂടെ പോകുമ്പോൾ പാലം കടക്കാൻ കാൽനടയാത്രക്കാരും കാത്തു നിൽക്കേണ്ടി വരുന്നു. പാലത്തിന്റെ അടിഭാഗത്തെ കെട്ടുകൾ പൊളിഞ്ഞിളകിയ നിലയിലാണ്. കൈവരികൾക്കും ബലക്ഷയമുണ്ട്. പാലം തകർന്ന് ഒരു ദുരന്തമുണ്ടാകുന്നതുവരെ കാത്തു നിൽക്കാതെ റോഡിനനുപാതികമായി വീതിയുള്ള പാലം നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.