കൊച്ചി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് സമഗ്ര മത്സ്യപരിപാലന നയം വേണമെന്ന് മത്സ്യത്തൊഴിലാളികൾ. ജൂൺ ഒമ്പതു മുതൽ ജൂലെെ 31വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. കൊവിഡിനെ തുടർന്ന് കേന്ദ്രസർക്കാർ നിരോധനം 47 ദിവസമാക്കിയിരുന്നു. സംസ്ഥാന സർക്കാർ ഇടപ്പെട്ടാണ് 52 ദിവസമായി നിജപ്പെടുത്തിയത്. എല്ലാ മേഖലകളിലും കുത്തകവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ നടപടി മത്സ്യപരിപാലന സംവിധാനത്തെ അട്ടിമറിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക.
കേന്ദ്രസർക്കാർ നയത്തെ ശക്തമായി എതിർക്കാനാണ് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി തീരുമാനം. പരിമിതമായ വിഭവങ്ങൾ കെെയടക്കാനുള്ള രാജ്യങ്ങളുടെയും മത്സ്യബന്ധന കുത്തകകളുടെയും ശ്രമം കടലിലെ മത്സ്യസമ്പത്തിനെ വളരെയധികം ബാധിക്കുന്നു. പല മത്സ്യങ്ങളും ഇതിനോടകം കടലിൽ നിന്ന് അപ്രത്യക്ഷമായി. അതുകൊണ്ട് വർഷകാല ട്രോളിംഗ് നിരോധനത്തിന്റെ പ്രാധാന്യവും ഏറിവരികയാണ്. ലോകത്തിൽ ഏറ്റവും കുറവ് ട്രോളിംഗ് നിരോധനമുള്ളത് കേരളത്തിലാണ്. കടലിലെ നിരീക്ഷണ സംവിധാനവും സുരക്ഷാനടപടികളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.
എന്താണ് ട്രോളിംഗ്
ഏറ്റവും വിനാശകരമായ മത്സ്യബന്ധന സംവിധാനമാണ് ട്രോളിംഗ്. കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മത്സ്യങ്ങളെയാണ് ഈ സംവിധാനം ഉപയോഗിച്ച് പിടിക്കുന്നത്. കടലിന്റെ അടിത്തട്ടിലെ നിരന്തരമായ കലക്കൽ മൂലം മത്സ്യോല്പാദനത്തിന് സഹായകമാകുന്ന ജീവഗണങ്ങൾ നശിക്കുന്നു. ട്രോളിംഗ് നിരോധന കാലയളവിലാണ് ഇവ വീണ്ടും ഉണ്ടാകുന്നത്. ട്രോളിംഗ് മൂലം പ്രതിവർഷം കേരളത്തിൽ മാത്രം രണ്ടരലക്ഷത്തോളം മത്സ്യം ഇല്ലാതാകുന്നു.
ആശ്വാസ നടപടികൾ വേണം
''ട്രോളിംഗ് നിരോധനം മത്സ്യപരിപാലനത്തിലെ പ്രധാന ചുവടുവയ്പ്പാണ്. മൺസൂണിലെ മൂന്നു മാസവും നിരോധനം ഏർപ്പെടുത്തുന്നതാണ് ശാസ്ത്രീയ രീതി. ഇത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കും. നിരോധനകാലയളവിൽ ട്രോൾ ബോട്ടുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർക്ക് ആശ്വാസ നടപടികളും എത്തിക്കണം.''
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി