നൂറ്റാണ്ടുകളുടെ ഇടവേളകളിൽ മനുഷ്യരാശിക്ക് ഭീഷണിയായി വരാറുള്ള മഹാമാരികൾ പലതും പഠിപ്പിക്കാറുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് മനുഷ്യർ സ്വയം പഠിക്കാറുണ്ട്. കോളറ, പ്ളേഗ്, സ്പാനിഷ് ഫ്ളൂ എന്നിവ മനുഷ്യവംശത്തെ ഏതെല്ലാം രീതിയിൽ ഏതെല്ലാം രംഗങ്ങളിൽ സ്വാധീനിച്ചുവെന്ന് ചരിത്രം നോക്കിയാൽ അറിയാം. അതിനെ നേരിടാൻ ജീവിതശൈലികളിൽ വരുത്തിയ മാറ്റങ്ങളും ചരിത്രത്താളുകളിലുണ്ട്. ഓർക്കാപ്പുറത്ത് കടന്നുവന്ന കൊറോണ വൈറസ് നമ്മുടെ സകല അഹങ്കാരങ്ങളെയും നോക്കി കൊഞ്ഞനം കുത്തുകയാണ്. കാശുണ്ടായതു കൊണ്ടോ പ്രശസ്തി ഉണ്ടായതുകൊണ്ടോ ആൾബലമുണ്ടായതുകൊണ്ടോ ഒരു കാര്യവുമില്ലെന്ന് അദൃശ്യമായ ഈ ഭീഷണി ഓർമ്മപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും അതുപോലുള്ള മഹാത്മാക്കളും ലളിത ജീവിതശൈലിയെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അമിതമായ ആഡംബരങ്ങളും അഹങ്കാരങ്ങളും നീർക്കുമിളകൾ മാത്രമാണെന്ന് പുരാണങ്ങൾ ഉദാഹരണ സഹിതം പറഞ്ഞിട്ടുണ്ട്. ദേവാലയങ്ങളിൽ ചെല്ലുന്നവരും വിശ്വാസികളും അതൊന്നും ചെവിക്കൊണ്ടിട്ടില്ല.
കുചേലൻ കൊണ്ടുപോയ കല്ലും നെല്ലും നിറഞ്ഞ അവിൽപ്പൊതിയിൽ ഭഗവാൻ സംതൃപ്തനായി ചോദിക്കാതെ തന്നെ എല്ലാ ഐശ്വര്യങ്ങളും നൽകി. ഇക്കഥ വിശ്വാസികൾക്കെല്ലാം അറിയാം. എങ്കിലും ഈശ്വരനെ പ്രസാദിപ്പിക്കാൻ നോട്ടുകെട്ടുകൾ മതിയാകുമെന്ന് ചില അന്ധവിശ്വാസികൾ കരുതുന്നു. പണമാണ് എന്തിനും മീതെയെന്ന് ധനമോഹികൾ വിശ്വസിക്കുന്നു. ആരോഗ്യമുണ്ടെങ്കിൽ എന്തിനെയും നേരിടാമെന്ന് ശരീരത്തിൽ ഭ്രമിക്കുന്നവർ തെറ്റിദ്ധരിക്കുന്നു. കൊവിഡ് ഈ ധാരണകളെല്ലാം തകർത്തിരിക്കുന്നു. ഈ മഹാമാരിയിൽ നിന്ന് പലതും പഠിക്കണം. പഠിച്ചത് മറക്കാതിരിക്കുകയും വേണം.
സുധാരാമചന്ദ്രൻ
ഏറ്റുമാനൂർ