samys-corner-

രാവിലെ ഫോൺ മിനുങ്ങി.നാട്ടിൽ നിന്ന് ശേഷക്കാരനാണ്.

അവന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. വെറുതെ വിളിച്ച് ലാത്തിയടിക്കും.

ഫോണെടുത്തു.

- അണ്ണാ പ്രശ്നം ഗുരുതരമാണല്ലോ?

ഏതു പ്രശ്നമാണ് നീ ഉദ്ദേശിക്കുന്നത്. കൊറോണയാണോ?

അല്ല; അതിർത്തിയിലെ പ്രശ്നം. ചൈന വെടി പൊട്ടിക്കുമോ?

എനിക്കെങ്ങനെ അറിയാം. ഇതൊക്കെ അറിഞ്ഞിട്ട് നിനക്കെന്ത് പ്രയോജനം?

നമ്മുടെ നാടിന് ഒന്നും പറ്റാതെ നോക്കാനുള്ള കടമ ഇന്ത്യൻ പൗരനായ എനിക്കുമില്ലേ.

അതുണ്ട്.അഥവാ യുദ്ധം തുടങ്ങിയാൽ നീ എന്തു ചെയ്യും?

ഒന്നും ചെയ്യത്തില്ല. വാർത്ത വായിക്കാമല്ലോ.

നിനക്ക് വാർത്ത വായിക്കാൻ വേണ്ടി മനുഷ്യർ മരിച്ച് വീഴുന്ന യുദ്ധം തുടങ്ങണോ?

അണ്ണനെന്താ ഒരുമാതിരി ഉടക്കി സംസാരിക്കുന്നത്. കാര്യങ്ങൾ അറിയാനല്ലേ ചോദിക്കുന്നത്.

എടേ ഞാൻ പറഞ്ഞല്ലോ. എനിക്കറിഞ്ഞുകൂടാ. ലോകം മുഴുവൻ യുദ്ധമില്ലാതെ തന്നെ ചൈന മരണം വിതരണം ചെയ്തല്ലോ. ഇനി അഥവാ അവരടിച്ചാൽ തിരിച്ചടിക്കാൻ കഴിവുള്ളവരാണ് കേന്ദ്രം ഭരിക്കുന്നത്. ബാലാക്കോട്ട് ബോംബ് വീണത് നീ കണ്ടതല്ലേ.

പാലക്കാട്ടോ... അതെപ്പം ബോംബിട്ടു.

പാലക്കാട്ടല്ലടാ.... പാകിസ്ഥാനിലെ ബാലാക്കോട്ട്.

അണ്ണൻ പറഞ്ഞുവരുന്നത് 62ലെ ഇന്ത്യയല്ല 20ലെ ഇന്ത്യ എന്നല്ലേ.

നിന്റെ സംസാരം ബിഗ് ബിയിലെ മമ്മൂട്ടിയുടെ ഡയലോഗ് പോലുണ്ടല്ലോടെ. കൊച്ചി പഴയ കൊച്ചിയല്ല എന്ന മട്ടിൽ.

അണ്ണാ എന്റെ ചെറിയ ബുദ്ധിയിൽ യുദ്ധം ഒഴിവാക്കാൻ ഒരു ബുദ്ധി തോന്നുന്നു.

നിന്റെ ചെറിയ ബുദ്ധിയല്ലെന്ന് എനിക്കറിയാം. എന്നാലും പറ.

നമ്മുടെ പി.ജെ. ജോസഫ് സാറിന്റെ ഒരു ഗാനമേള അതിർത്തിയിൽ സംഘടിപ്പിച്ചാൽ ഒരുമാതിരിപ്പെട്ട ചൈനാക്കാരനൊക്കെ പിരിഞ്ഞുപോകില്ലേ. രക്തച്ചൊരിച്ചിലില്ലാതെ സമാധാനം കൈവരിക്കാമല്ലോ.

പക്ഷേ ഏതു പാട്ടിടുമെടേ?

അടിച്ചാൽ ഞാൻ തിരിച്ചടിക്കും എന്ന പഴയ പാട്ട്. എങ്ങനുണ്ട് എന്റെ ഐഡിയ.

നിനക്ക് വേറെ ജോലിയൊന്നുമില്ലെന്ന് മനസ്സിലായി.

ഞാൻ പണ്ടേ 'നോ വർക്ക് അറ്റ് ഹോം" സ്വീകരിച്ച ആളാണല്ലോ. അണ്ണനൊക്കെ അതിലേക്കെത്താൻ എത്ര വൈകി. ങ... പിന്നെ ചൈനയിൽ പഠിക്കുന്ന രണ്ട് പിള്ളേർ നമ്മുടെ പഞ്ചായത്തിലുണ്ടല്ലോ. അവർക്കും ഓൺലൈൻ ക്ളാസ് തുടങ്ങി. ഇനി അങ്ങോട്ട് ചെല്ലണ്ട. സർട്ടിഫിക്കറ്റ് വരെ ഓൺലൈനായി വരും. പണം ഉണ്ടാക്കാൻ ചൈനയെ കണ്ട് പഠിക്കണം.

അണ്ണാ... എന്നാ... ഞാൻ വയ്ക്കട്ടെ. അണ്ണന് കോവിഡൊന്നുമില്ലല്ലോ?

മനുഷ്യനെ വിരട്ടാതെ വച്ചിട്ട് പോടാ.