കൊവിഡ് പ്രതിസന്ധി അവസരമാക്കി മാറ്റണമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഇന്ത്യൻ വാണിജ്യമണ്ഡല വാർഷികച്ചടങ്ങിൽ പ്രസംഗിക്കവെ അഭിപ്രായപ്പെട്ടത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില പാതാളത്തോളം ഇടിഞ്ഞു താഴ്ന്ന അസാധാരണ സാഹചര്യം പരമാവധി മുതലാക്കുക വഴി രാജ്യത്തെ എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും ചെയ്തുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ധന വില മാറ്റമില്ലാതെ നിൽക്കുകയായിരുന്നു. ഇതിനിടെ അസംസ്കൃത എണ്ണ വില വളരെയധികം താഴുകയും ചെയ്തു. ഒരു ഘട്ടത്തിൽ അത് ബാരലിന് ഇരുപതു ഡോളർ വരെ എത്തിയതാണ്. എണ്ണ ഉത്പാദക രാജ്യങ്ങൾ ഉത്‌പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനമെടുത്താണ് വിലയിടിവ് ഒരു പരിധി വരെ പിടിച്ചുനിറുത്തിയത്. അതിനിടെ വില നാല്പതു ഡോളറോളം ഉയരുകയും ചെയ്തു. ഇന്ത്യയിൽ ലോക്ക് ഡൗണിൽ ഗണ്യമായ ഇളവു വരികയും ഇന്ധന ഉപഭോഗം വർദ്ധിക്കുകയും ചെയ്തത് കേന്ദ്ര സർക്കാർ നല്ല അവസരമാക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മുതൽ തുടർച്ചയായി എല്ലാ ദിവസവും ഇന്ധന വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന എണ്ണക്കമ്പനികൾക്ക് അതിനു അവസരമൊരുക്കുന്നത് കേന്ദ്ര സർക്കാർ തന്നെയാണ്. ഇനിയും വില കൂട്ടിക്കൊണ്ടേയിരിക്കുമെന്നാണ് എണ്ണ വിപണിയിൽ നിന്നു ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം അസംസ്കൃത എണ്ണ വില 38 ഡോളറായി കുറഞ്ഞപ്പോഴും ഇവിടെ പെട്രോളിനും ഡീസലിനും വില കൂട്ടിയത് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം മറയാക്കിയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ രണ്ടു ഇന്ധനങ്ങൾക്കും നാലു രൂപയോളമാണ് അധികമായത്. ഇനിയുള്ള ദിവസങ്ങളിലും ഇതേ തോതിൽ വർദ്ധന ഉണ്ടാകുമെന്നാണു സൂചന.
എണ്ണവില നിർണയത്തിലെ മാനദണ്ഡങ്ങൾ എന്തു തന്നെയായാലും ഉപഭോക്താക്കളെ അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കുന്നതിനു തുല്യമാണ് സർക്കാരിന്റെ ഇന്ധന നയം എന്നു പറയേണ്ടിയിരിക്കുന്നു. എണ്ണയ്ക്ക് 150 ഡോളറിനടുത്തുവരെ വില എത്തിയ സന്ദർഭത്തിൽ പോലുമില്ലാത്തത്ര ഉയർന്ന വിലയാണ് രാജ്യത്ത് ഇന്നു പ്രാബല്യത്തിലുള്ളത്. ഇന്ധന വിലക്കയറ്റത്തിനെതിരെ ഏറ്റവും കൂടുതൽ പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും ഓർക്കണം. ലോക വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിന്റെ ആനുകൂല്യം ഒരിക്കൽ പോലും ഉപഭോക്താവിലേക്കു കൈമാറാൻ സർക്കാർ തയ്യാറായില്ല. അതിനു പകരം ഈ ലോക്ക് ഡൗൺ കാലത്തും രണ്ടുവട്ടം പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വൻതോതിൽ വർദ്ധിപ്പിച്ച് ഖജനാവിന്റെ ശേഷി കൂട്ടാനാണ് സർക്കാർ ഒരുങ്ങിയത്. ക്രൂഡ് വില ഗണ്യമായി ഇടിഞ്ഞതിന്റെ ആനുകൂല്യം എണ്ണക്കമ്പനികൾക്കും അനുഭവിക്കാൻ യോഗമുണ്ടായില്ല. അപ്പപ്പോൾ തീരുവ കൂട്ടി നിശ്ചയിച്ച് അത് സർക്കാർ എടുക്കുകയായിരുന്നു. കുത്തനെ താഴ്‌ന്ന ലാഭവിഹിതം വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് എണ്ണക്കമ്പനികൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതത്രെ. ഇതിന് സർക്കാരിന്റെ അനുഗ്രഹാശിസ്സുമുണ്ട്. വില നിർണയാധികാരം എണ്ണക്കമ്പനികൾക്കു പൂർണമായും വിട്ടുകൊടുത്തതോടെ രാജ്യാന്തര വിലയെ ആധാരമാക്കിയാണ് ഇവിടെ ഇന്ധന വില നിജപ്പെടുത്തുന്നതെന്നാണു വയ്പ്. എന്നാൽ അതിലെ യുക്തി ഇനിയും ഉപഭോക്താക്കൾക്ക് ഗ്രഹിക്കാനായിട്ടില്ല. ക്രൂഡ് വില വളരെയധികം താഴ്‌ന്നിട്ടും പെട്രോളിനും ഡീസലിനും വില കുറയുന്നില്ലെന്നു മാത്രമല്ല, ഘട്ടം ഘട്ടമായി ഉയർന്നുകൊണ്ടേയിരിക്കുന്നതിനു പിന്നിലെ ഗണിതം സാധാരണക്കാർക്കു മനസിലാകുന്നില്ല.
കഴിഞ്ഞ രണ്ടു രണ്ടര ദശകങ്ങളായി ഇന്ധന വില നിർണയത്തിലെ അനീതി കാരണം സാധാരണക്കാരുടെ നിത്യജീവിതം ദുരിതമയമായിട്ടുണ്ട്. വിലക്കയറ്റത്തിന് ആദ്യം വഴിമരുന്നിട്ടതും ഇന്ധന വിലയിൽ അടിക്കടി വരുത്തിയ മാറ്റങ്ങളാണ്. എല്ലാ മേഖലകളിലും അതിന്റെ പ്രത്യാഘാതം താങ്ങേണ്ടിവരുന്നു. യാത്രക്കൂലിയും കടത്തുകൂലിയും ദുർവഹമായിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം ഇന്ധന വിലയിലെ അശാസ്ത്രീയ വർദ്ധനയാണ്.
ഒരു കാരണവുമില്ലാതെയാണ് പാചക വാതകത്തിനു പോലും അമിത വില നിശ്ചയിക്കുന്നത്. സബ്‌സിഡിയായി അതിന്റെ ഒരു ഭാഗം തിരിച്ചു നൽകുന്നുണ്ടെങ്കിലും സബ്‌സിഡി രഹിത ഉപഭോക്താക്കളെ ശരിക്കും പിഴിയുന്ന തരത്തിലാണ് ഇതിന്റെയും വില നിർണയം. ഇന്ധനങ്ങൾക്ക് ചുമത്തുന്ന അമിത വിലയുടെയും തീരുവയുടെയും ഇനത്തിൽ മാത്രം ലക്ഷം കോടികളാണ് ഓരോ വർഷവും ഖജനാവിലെത്തുന്നത്. രാജ്യത്തിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഈ അധിക വരുമാനം ഉപയോഗിക്കുന്നതെന്ന് വിശദീകരണമുണ്ട്. എന്നാൽ ഉയർന്ന ഇന്ധന വില വലിയ സമ്മർദ്ദമായി സാധാരണക്കാരന്റെ മേൽ പതിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം സർക്കാർ മനസിലാക്കുന്നില്ല. മത്സരമില്ലാത്ത മേഖലയാണ് രാജ്യത്തെ ഇന്ധന വിപണി. സർക്കാരും എണ്ണക്കമ്പനികളും നിശ്ചയിക്കുന്നതാണ് വില. ഇന്ധനത്തെയും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം നിരാകരിക്കപ്പെടുന്നതിന്റെ മുഖ്യ കാരണവും ഇതുവഴി സർക്കാരിനും എണ്ണക്കമ്പനികൾക്കും ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത വരുമാനത്തിൽ കുറവു വരുമെന്നതാണ്. തോന്നുമ്പോഴെല്ലാം തോന്നിയ മട്ടിൽ തീരുവ ചുമത്തി വരുമാനം കൂട്ടാൻ ജി.എസ്.ടി പരിധിയിലായാൽ സാധിക്കില്ല. വരുമാനം കുറയുമെന്നതിനാൽ മിക്ക സംസ്ഥാനങ്ങളും ഈ വിഷയത്തിൽ കേന്ദ്രത്തിനൊപ്പമാണ് നിലകൊള്ളുന്നത്. ഇന്ധനങ്ങൾക്ക് ഏറ്റവും ഉയർന്ന നികുതി ചുമത്തുന്നതിൽ സംസ്ഥാനങ്ങളും ഒട്ടും പിന്നിലല്ല.