panniyod

കാട്ടാക്കട:സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ 'ലൈഫി'ന് മൂന്ന് കോടിയോളം വിലവരുന്ന രണ്ടരയേക്കർ ഭൂമി നൽകി പന്നിയോട് സുകുമാരൻ വൈദ്യർ ആദരം നേടി. അരനൂറ്റാണ്ടിലേറെയായി ആയുർവേദ ചികിത്സ നടത്തുന്ന പന്നിയോട് ശ്രീലക്ഷ്മിയിൽ സുകുമാരൻ വൈദ്യർ(77) തന്റെ അദ്ധ്വാനത്താൽ സമ്പാദിച്ച ഭൂമിയാണ് വീടില്ലാത്ത നിർദ്ധനർക്ക് വീടുവച്ച് നൽകുന്നതിനായി നൽകിയത്.

പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ പേരിൽ ഇക്കഴിഞ്ഞ ദിവസം കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ എത്തി വൈദ്യർ ദാനയാധാരം രജിസ്റ്റർ ചെയ്ത് നൽകുകയായിരുന്നു. തന്റെ മൂന്ന് മക്കൾക്കും ഇഷ്ടദാനം നൽകിയശേഷമുള്ളതിൽ നിന്നുമാണ് ഭൂമി വിട്ടുനൽകുന്നത്. സാധുക്കൾക്ക് വീട് നിർമ്മിച്ചുനൽകാൻ സർക്കാരും ഗ്രാമ പഞ്ചായത്തുകളും ഭൂമിക്കായി നെട്ടോട്ടമോടുമ്പോഴാണ് വൈദ്യർ ഭൂമിദാനം ബന്ധപ്പെട്ടവരെ അറിയിക്കുന്നത്. പ്രായാധിക്യം തളർത്തിയെങ്കിലും ഇപ്പോഴും ചികിത്സ വെല്ലുവിളിയായി ഏറ്റെടുത്ത് നടത്തുന്ന സുകുമാരൻ വൈദ്യർ ഗ്രാമ വാസികൾക്കായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഏതാനും വർഷങ്ങളായി നിർദ്ധനരായ ആളുകൾ വൈദ്യരുടെ സഹായത്താൽ വീട് നിർമ്മിച്ചു കഴിയുന്നുണ്ട്. ഇതെല്ലാം സമൂഹത്തിനായി വൈദ്യർ നൽകുന്ന രഹസ്യമായ സഹായങ്ങളാണ്. അമ്മ ജാനകിയുടെ ഓർമ്മയ്ക്കായി ജാനകി മൊമ്മോറിൽ ട്രസ്റ്റ് രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ ഏറെയും. പന്നിയോട് ജംഗ്ഷനടുത്ത് വെയിറ്റിംഗ് ഷെഡ്, വായനശാല, ഗ്രന്ഥശാല, വിദൂരത്ത് നിന്നു തന്നെ കാണാൻ എത്തുന്നവർക്ക് താമസ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ലൈഫ് മിഷൻ മുഖേന നടപ്പിലാക്കിവരുന്ന പദ്ധതിക്കായാണ് വസ്തു ദാനംചെയ്തിട്ടുള്ളത്. 75കുടുംബങ്ങൾക്കുള്ള പാർപ്പിട സമുച്ചയം,സ്കൂൾ,ആശുപത്രി,കുളം എന്നിവ ദാനം ചെയ്ത ഭൂമിയിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടാണ് ഭൂമി കൈമാറിയതെന്ന് വൈദ്യർ പറയുന്നു. ഹൃദ്രോഗ ചികിത്സയ്ക്ക് ആയുർവേദത്തിൽ പേരുകേട്ട സുകുമാരൻ വൈദ്യരെ തേടി ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. ചികിത്സയ്ക്കായി ഫീസൊന്നും വാങ്ങാറുമില്ല.