pani-poorthiyaya-veedu

കല്ലമ്പലം: കഷ്ടപ്പെട്ട് വീടുണ്ടാക്കിയിട്ടും വീട്ടിൽ കഴിയാൻ വിധിയില്ലാത്ത നിർദ്ധന കുടുംബം അന്തിയുറങ്ങുന്നത് റോഡിൽ ടാർപോളിൻ കൊണ്ടുകെട്ടിയ കൂരയ്ക്കുള്ളിൽ. നാവായിക്കുളം പുതുശ്ശേരിമുക്ക് കൈപ്പടക്കോണം പുതുവൽവിള വീട്ടിൽ രാജനും ഭാര്യ ശ്യാമളയും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് റോഡിൽ ടാർപോളിൻ കൊണ്ടുകെട്ടിയ കൂരയ്ക്കുള്ളിൽ അന്തിയുറങ്ങുന്നത്. 2018 ലെ പ്രളയത്തിൽ വീട് പൂർണമായും തകർന്നതോടെ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ നിന്നും അനുവദിച്ച തുകയും പലരിൽ നിന്നും കടം വാങ്ങിയ രൂപയും ചേർത്ത് വീട് പണിത് ഒരുവിധം പൂർത്തിയായെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുന്ന വഴി അയൽവാസികളടച്ചതോടെ ഗൃഹപ്രവേശനം മുടങ്ങി. വീട്ടിൽ പ്രവേശിക്കാൻ വഴിയില്ലാതായതോടെ കുടുംബം പെരുവഴിയിലുമായി. തുടർന്നാണ്‌ സമീപത്തെ റോഡിൽ ടാർപോ കൊണ്ട് മറച്ച് കൂരയുണ്ടാക്കി കഴിയാൻ തുടങ്ങിയത്. കാലാകാലങ്ങളായി നടന്നുകൊണ്ടിരുന്ന വഴിയാണ് ഒരു ദിവസം അടയ്ക്കപ്പെട്ടത്. കുടുംബസ്വത്തായി കിട്ടിയ ഓഹരിയിലാണ് ഇവരുടെ വീട്. സമീപത്ത് താമസിക്കുന്ന ബന്ധുക്കളാണ് വഴിയടച്ചത്. വീടിന്റെ ആധാരത്തിലും മറ്റും വഴി പറഞ്ഞിട്ടുണ്ടെങ്കിലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. പൊലീസിനും റവന്യൂ അധികൃതർക്കും പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല.