ആറ്റിങ്ങൽ: വാമനപുരം നദിക്ക് കുറുകേ അവനവഞ്ചേരി ഗ്രാമം മുക്ക് മുള്ളിയിൽ കടവിൽ പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കടക്കുന്നു. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇവിടുത്തുകാർ പാലത്തിന് വേണ്ടി മുറവിളി കൂട്ടുക പതിവാണ്. എല്ലാം ശരിയാക്കി തരാമെന്നു പറഞ്ഞ് ജയിച്ചു പോയവർ ഈ കാര്യത്തിൽ ഉദാസീനത കാട്ടുകയാണെന്നാണ് നാട്ടുകാരുടെ വാദം.
പുതിയ സംസ്ഥാന ബഡ്ജറ്റിലെങ്കിലും മുള്ളിയിൽ കടവ് പാലത്തിന് തുക അനുവദിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. ആറ്റിങ്ങലിന്റെ വികസനത്തിന് നിരവധി കാര്യങ്ങൾക്ക് ബഡ്ജറ്റിൽ തുക അനുവദിച്ചെങ്കിലും വളരെക്കാലത്തെ നാട്ടുകാരുടെ ഈ ആവശ്യത്തിന് ഫലമുണ്ടായില്ല.
വഞ്ചിയൂർ, കട്ടപ്പറമ്പ് പ്രദേശത്തുകാർക്ക് ആറ്റിങ്ങലിലെത്താൻ ഏറെ എളുപ്പമാണ് അവനവഞ്ചേരി മുള്ളിയിൽ കടവിലെ കടത്ത്. എന്നാൽ ഇവിടെ യഥാസമയം കടത്തു വള്ളം പ്രവർത്തിക്കാത്തതിനാൽ നാട്ടുകാർ എറെ വലയുകയാണ്. വാമനപുരം നദിക്കു കുറുകെ മുള്ളിയിൽ കടവിൽ ഒരു പാലം വന്നാൽ ഈ പ്രദേശത്തുകാർക്ക് ആറ്റിങ്ങലെത്താൻ കിലോമീറ്ററുകളുടെ ലാഭമാണ് ഉണ്ടാകുക. ഇപ്പോൾ കട്ടപ്പറമ്പുകാർ കാൽനടയായി കിലോമീറ്ററുകൾ താണ്ടി രണ്ടും മൂന്നും ബസ് കയറിവേണം ആറ്റിങ്ങലിലെത്താൻ.
കൂടാതെ ഈ പ്രദേശത്തുനിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് അവനവഞ്ചേരി ഹൈസ്കൂളിലേക്കും ആറ്റിങ്ങലിലെ വിവിധ സ്കൂളുകളിലേക്കും പോകുന്നത്. സർക്കാർ സംബന്ധമായ എല്ലാ കാര്യങ്ങളും നിർവഹിക്കാൻ കട്ടപ്പറമ്പുകാർക്ക് ആറ്റിങ്ങലിൽ എത്തിയേ തീരൂ. അവനവഞ്ചേരി മാർക്കറ്റാണ് ഈ പ്രദേശത്തുകാരുടെ സാധന കൈമാറ്റത്തിന്റെയും വാങ്ങലിന്റെയും ഇടം. ഇതിനും ഇവർ ആശ്രയിക്കുന്നത് മുള്ളിയിൽ കടവിലെ കടത്താണ്.
നദിയിൽ വെള്ളം കൂടുന്ന സമയം രക്ഷിതാക്കൾ ചങ്കിടിപ്പോടെയാണ് കുഞ്ഞുങ്ങളെ സ്കൂളിലേക്ക് വിടുന്നത്. മൺസൂൺ മഴക്കാലമാണ് ഏറെ ഭയപ്പാടുണ്ടാക്കുന്നത്. കൊറോണ കാരണം ഇക്കുറി സ്കൂളുകൾ തുറക്കാത്തത് കാരണം കടത്തിന്റെ പ്രശ്നം കുട്ടികളെ സംബന്ധിച്ച് പ്രശ്നമില്ലെങ്കിലും മുതിർന്നവരുടെ യാത്രാ ദുരിതം എറെ വലുതാണ്. മുള്ളിയിൽ കടവിൽ നദിക്ക് നല്ല ആഴമുണ്ട്. ഇതും ഭയപ്പാട് വർദ്ധിപ്പിക്കുകയാണ്.