pulivilakam

വക്കം: അവഗണനയിലും അടച്ച് പൂട്ടൽ ഭീഷണിയിലുമൊരു മുത്തശ്ശി വിദ്യാലയം.117 വർഷം പഴക്കമുള്ള വക്കം പുളിവിളാകം ഗവൺമെന്റ് എൽ.പി.ബി.എസിനാണീ ദുർഗതി. സ്കൂൾ ആരംഭിച്ച സമയത്ത് നിർമ്മിച്ച പ്രധാന കെട്ടിടം കാലപ്പഴക്കം കൊണ്ട് തന്നെ ജീർണിച്ചു കഴിഞ്ഞു.

ഓല മേഞ്ഞ മേൽകൂര കാലം കഴിഞ്ഞതോടെ ഷീറ്റ് മേഞ്ഞത് മാത്രമാണിവിടുത്തെ പുരോഗതി. കാലപ്പഴക്കം കെട്ടിടത്തിനാകെ ബാധിച്ചു. ചുവരുകൾ വീണ്ടു തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. കഴിഞ്ഞ നാലു വർഷവും പതിവിലും കൂടുതൽ അറ്റകുറ്റപ്പണികൾ നടത്തി ഗ്രാമപഞ്ചായത്തിന്റെ മാരാമത്ത് വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഈ അദ്ധ്യയന വർഷം അതിനും സാദ്ധ്യതയില്ല. കാരണം ഇക്കുറി അറ്റകുറ്റപ്പണികളിൽ ഒതുങ്ങുന്നതല്ല കെട്ടിടത്തിന്റെ അവസ്ഥ. മേൽക്കൂരയിലെ ഷീറ്റ് മുതൽ അടിസ്ഥാനത്തിന്റെ ആണിക്കല്ല് വരെ മാറ്റണം.

നിലവിലുള്ള കെട്ടിടത്തിൽ പകൽ സമയങ്ങളിൽ പോലും മരപ്പട്ടിയുടെ ശല്യവുമുണ്ട്.

2018ൽ അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം പോലും ഇനിയും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ എഴുപതിലധികം കുട്ടികളാണിവിടെ പഠിക്കുന്നത്. സ്മാർട്ട് ക്ലാസ് നടത്താൻ പിന്നിൽ സ്ഥാപിച്ച ടെറസ് കെട്ടിടത്തിലാണിപ്പോൾ മിക്ക ക്ലാസുകളും നടത്തുന്നത്. ഇതിനെല്ലാം പുറമേ ചുറ്റുമതിലും അപകടാവസ്ഥയിലായി. മഴ തുടർന്നാൽ അതും നിലംപൊത്തും. നിലവിൽ ഓൺലൈൻ ക്ലാസുകളാണിപ്പോൾ നടക്കുന്നത്. അത് കഴിഞ്ഞ് റെഗുലർ ക്ലാസുകൾ ആരംഭിക്കുമ്പോൾ ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ സ്കൂൾ അടച്ചു പൂട്ടുമോ എന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. കാരണം നിർദ്ധനരായ കൂലിപ്പണിക്കാരുടെ മക്കളാണ് ബഹുഭൂരിപക്ഷവും. അങ്ങനെയുണ്ടായാൽ തങ്ങളുടെ മക്കളുടെ ഭാവിയിൽ ആശങ്കയും അവർ പ്രകടിപ്പിക്കുന്നു.