തിരുവനന്തപുരം: അമിത വൈദ്യുതി നിരക്ക് ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച് ഈ മാസം 16ന് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തും. 19 നു വൈകിട്ട് 5ന് വീട്ടമ്മമാർ വീടുകൾക്ക് മുന്നിൽ വൈദ്യുതി ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
കൊവിഡ് കാലത്തെ ഏറ്റവും വലിയ പകൽകൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരിൽ സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
റീഡിംഗ് എടുക്കാതെ ഓഫീസിലിരുന്ന് തോന്നുംപടി തുക ചുമത്തുകയായിരുന്നു. കമ്പ്യൂട്ടറിൽ ക്രമീകരണം നടത്തി ന്യായമായ നിരക്ക് ഈടാക്കുന്നതിനു പകരം മുന്നിരട്ടിയോളം ഉയർന്ന ബില്ല് നൽകി ജനങ്ങളെ ഷോക്കടിപ്പിച്ചു.
ബി.പി.എല്ലുകാരിൽ നിന്ന് ഈ മൂന്നു മാസത്തെ വൈദ്യുതി ചാർജ് ഈടാക്കരുത്. എ.പി.എൽ കാർഡുകാരിൽ നിന്ന് 30 ശതമാനം നിരക്കേ ഈടാക്കാവൂ എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.