ആറ്റിങ്ങൽ: പ്രവാസികൾക്ക് ഇൻസ്‌റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കേന്ദ്രം സജ്ജമാക്കാൻ ആറ്റിങ്ങൽ നഗരസഭ തയ്യാറാണെന്നും അതിന് ജില്ലാ ഭരണകൂടം അനുവാദം നൽകണമെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് ആവശ്യപ്പെട്ടു. വിദേശത്തു നിന്നെത്തുന്ന പലർക്കും ആറ്റിങ്ങലിൽ ഹോം ക്വാറന്റൈനുള്ള സൗകര്യമില്ല. കൂടാതെ സൗകര്യങ്ങൾ ഉള്ളവർ താമസിക്കുന്നത് അയൽവാസികൾക്ക് ഭീതിയാണ്. ഈ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ആറ്റിങ്ങൽ ടൗണിന് അകത്തുളളവർക്ക് നഗരസഭയും റെവന്യൂ വകുപ്പും കണ്ടെത്തിയ സ്ഥലങ്ങളിൽ ക്വാറന്റൈൻ സൗകര്യം ഒരുക്കാനാവും. നാട്ടുകാരുടെ സഹകരണത്തോടെ ജനകീയ ക്വാറന്റൈൻ സംവിധനമാവും ഒരുക്കുക. ക്വാറന്റൈനിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾ ചില സന്ദർഭങ്ങളിലെങ്കിലും പുറത്തേക്ക് പോകുന്നതായും അനാവശ്യമായി ചുറ്റിനടക്കുന്നതായും പരാതികൾ ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രതിവിധി കണ്ടെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആവശ്യമായ മാർഗനിർദ്ദേശങ്ങളോടെ അനുവാദം നൽകണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.
|
|