തിരുവനന്തപുരം: ഡാമുകളിൽ അടിഞ്ഞുകൂടിയ ആയിരം കോടിയിലേറെ രൂപയുടെ മണൽ വാരി വിപണിയിൽ വിറ്റഴിക്കാനുള്ള കരാർ ടെൻഡറില്ലാതെ റഷ്യയിലെ മലയാളിയുടെ കമ്പനിക്ക് നൽകാൻ ചീഫ്സെക്രട്ടറിയായിരിക്കെ ടോംജോസ് നടത്തിയ നീക്കം സർക്കാർ പൊളിച്ചു.
ഡാമുകളിലെ മണൽ നീക്കാനുള്ള ഉന്നതസമിതിയുടെ അദ്ധ്യക്ഷനായ ജലവിഭവ മന്ത്രി കെ.കൃഷ്‌ണൻകുട്ടിക്കാണ് ടോംജോസ് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്. വകുപ്പിന്റെ സൂക്ഷ്‌മപരിശോധനയിൽ മണലിന്റെ മൂല്യം ഇതിലേറെയുണ്ടാവാമെന്നും, ടെൻഡറില്ലാതെ കരാർ നൽകുന്നത് അഴിമതിക്കിടയാക്കുമെന്നും കണ്ടെത്തി. ഇതോടെ , മണൽവാരലിന് ആഗോള ടെൻഡർ വിളിക്കാൻ മന്ത്രി ഉത്തരവിട്ടു. ടെൻഡറിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി മന്ത്രി കെ.കൃഷ്‌ണൻകുട്ടി 'കേരളകൗമുദി'യോട് പറഞ്ഞു.
മഹാപ്രളയത്തിൽ ആറ് റഗുലേറ്ററുകളിലായി ഏഴരക്കോടിയിലേറെ രൂപയുടെ, ഒന്നരലക്ഷം ഘനമീറ്റർ മണൽ(60,000ടൺ) അടിഞ്ഞുകൂടിയതായി കണ്ടെത്തിയിരുന്നു.വെള്ളിയാങ്കല്ല്, പുരപ്പള്ളിക്കാവ്, മഞ്ഞുമ്മൽ,ചങ്ങരംകുന്ന്, ചെന്തുരുത്തി,പൂക്കോട്ടുമന എന്നീ ചെറിയ റഗുലേറ്ററുകളിലാണിത്. പാലക്കാട്ടെ മംഗലം ഡാമിൽ മാത്രം 30 ലക്ഷം ഘനമീറ്റർ മണലുണ്ട്. തിരുവനന്തപുരത്ത് അരുവിക്കരയിലുമുണ്ട് 10 ലക്ഷം ഘനമീറ്റർ മണൽ. ചുള്ളിയാർ, ചിമ്മിനി,മലമ്പുഴ തുടങ്ങിയ മറ്റ് ഒമ്പത് ഡാമുകളിൽ അഞ്ച് മുതൽ 20ലക്ഷം ഘനമീറ്റർ വരെ മണലുണ്ട്. മേൽത്തരം പുഴമണലായതിനാൽ,. സർക്കാർ റേറ്റനുസരിച്ച് ക്യുബിക്മീറ്ററിന് 500രൂപ കണക്കാക്കിയാലും ആയിരം കോടിക്കുമേൽ മൂല്യമുണ്ട്.
അമേരിക്കൻ കമ്പനിക്ക്
ഭൂമി നൽകാനും നീക്കം
ഏഴ് ജില്ലകളിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി, ടെൻഡറില്ലാതെ അമേരിക്കൻ കമ്പനിക്ക് നൽകാനുള്ള ടോംജോസിന്റെ നീക്കവും പാളി. മാലിന്യസംസ്കരണ പ്ലാന്റിനുള്ള ഭൂമി നൂറ് വർഷത്തേക്ക് കമ്പനിക്ക് പാട്ടത്തിന് നൽകണമെന്ന വ്യവസ്ഥ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എതിർത്തതോടെ, അമേരിക്കൻ കമ്പനി പിൻവാങ്ങി.
വിരട്ടിയത് രണ്ട്
കളക്ടർമാരെ
കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാൻ ടോം ജോസ് കണ്ണൂരിൽ നടത്തിയ മണൽനീക്കത്തിന് കളക്ടർ ടി.വി.സുഭാഷ് തടയിട്ടത് മുഖ്യമന്ത്രിയെ സമീപിച്ചാണ് . ദിവസേന ആറുതവണ ചീഫ്സെക്രട്ടറി ഫോണിൽ വിളിച്ച് നിർബന്ധിക്കുന്നുവെന്നായിരുന്നു കളക്ടറുടെ പരാതി. പമ്പാ ത്രിവേണിയിലെ 1.28ലക്ഷം ഘനയടി മണലും ചെളിയും നീക്കി കരാറുകാർക്ക് വിറ്റഴിക്കാനുള്ള നീക്കത്തെ എതിർത്ത പത്തനംതിട്ട കളക്ടർ പി.ബി.നൂഹിനെ, വിരമിക്കലിന്റെ തലേന്ന് ടോംജോസ് ഡിജിപി ലോക്നാഥ്ബെഹ്റയുമായി ഹെലികോപ്ടറിൽ പറന്നെത്തി വിരട്ടിയതും വിവാദമായി.
''ഡാമുകളിലെ മണൽനീക്കാൻ റഷ്യൻ കമ്പനിയെ പരിഗണിക്കില്ല. ആഗോള ടെൻഡറിനുള്ള ഡി.പി.ആർ തയ്യാറായി''
-കെ.കൃഷ്‌ണൻകുട്ടി
ജലവിഭവ മന്ത്രി