തിരുവനന്തപുരം : കൊവിഡ് രോഗികൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ, സർക്കാർ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്കായി കേന്ദ്രീകരീകരിക്കും. മറ്റ് രോഗങ്ങളുമായി എത്തുന്നവർക്ക് സൗജന്യ നിരക്കിലുള്ള ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുമായി ധാരണയിലെത്തും.
. മഴക്കാലത്ത് വരാനിടയുള്ള മറ്റ് പകർച്ചവ്യാധികൾ നേരിടാൻ സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കും. ലാബ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ള ആശുപത്രി സേവനങ്ങൾ ഇതിനായി ഉപയോഗിക്കും. കഴിഞ്ഞ ദിവസം മന്ത്രി കെ.കെ.ശൈലജ സ്വകാര്യ ആശുപത്രി ഉടമകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും, സൗജന്യ നിരക്കിലെ ചികിത്സയിൽ വ്യക്തത വന്നില്ല. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ചികിത്സാ രീതി, വിവിധ പരിശോധനകൾക്കുള്ള നിരക്ക്, ശസ്ത്രക്രിയകൾക്കും, മറ്റ് രോഗങ്ങളുമായെത്തുന്നവർക്ക് കൊവിഡ് പരിശോധനയ്ക്കുമുള്ള ഫീസ് എന്നിവയുൾപ്പെടെ റിപ്പോർട്ടിൽ വിശദമാക്കും.
അതേ സമയം,സർക്കാരിൻെറ സൗജന്യ ചികിത്സയ്ക്ക് അർഹരായ ബി.പി.എൽ വിഭാഗത്തിന് സ്വകാര്യ ആശുപത്രികളിൽ എങ്ങനെ സൗജന്യ ചികിത്സ നൽകുമെന്നതിൽ വ്യക്തത വന്നിട്ടില്ല. പൂർണ്ണമായി സൗജന്യം അനുവദിക്കണമെങ്കിൽ സർക്കാർ സഹായം വേണമെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രികൾ. കാസ്‌പ് പദ്ധതി പ്രകാരം എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യആശുപത്രികളിൽ നടപ്പാക്കുന്നത് പോലെ സർക്കാർ സഹായത്തോടെ താത്കാലികമായ സൗജന്യപദ്ധതി ആവിഷ്കരിക്കണമെന്നാണ് ആവശ്യം. സ്വകാര്യ ആശുപത്രികളിലെത്തുന്നവർക്ക് ആവശ്യമായ മരുന്നുകൾ സർക്കാർ നൽകും.
കൊവിഡ്-കൈവിട്ടാൽ
സ്വകാര്യ ആശുപത്രികളും
. സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾ നിറയുന്ന സ്ഥിതിയുണ്ടായാൽ ,സ്വകാര്യ ആശുപത്രികളിലും അവരെ പ്രവേശിപ്പിക്കേണ്ടിവരും. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ 13 ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരും ജീവനക്കാരും സർക്കാരിന്റെ ചികിത്സാ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്..
'സൗജന്യചികിത്സ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. സ്വകാര്യ ആശുപത്രികൾക്കും നഷ്ടമില്ലാത്ത രീതിയിൽ മുന്നോട്ട് പോകണം. .'
- ഹുസൈൻ കോയ തങ്ങൾ
പ്രസിഡന്റ്, കേരള പ്രൈവറ്റ്
ഹോസ്‌പിറ്റൽസ് അസോസിയേഷൻ