തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടാൻ കർശന നടപടികളുമായി നഗരസഭ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ തിരിച്ചറിയുന്നതിനായി പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തോട് കടന്നുപോകുന്ന പ്രദേശങ്ങളിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. തോട് ശുചീകരണം പുരോഗമിക്കുന്ന പഴവങ്ങാടി തകരപ്പറമ്പ് പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് മേയർ ഇക്കാര്യം അറിയിച്ചത്. തമ്പാനൂർ മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങി പാറ്റൂർ വരെ ഒരു കോടി രൂപ ചെലവിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംരക്ഷണ ഭിത്തി തകർന്ന സ്ഥലങ്ങളിൽ പുനർനിർമ്മാണവും നടത്തുന്നുണ്ട്. നഗരസഭാ എൻജിനിയറിംഗ് വിഭാഗമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തോട്ടിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ വേർതിരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറാനാണ് നഗരസഭയുടെ പദ്ധതി. പാറ്റൂർ മുതൽ കണ്ണമ്മൂല വരെ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ വഞ്ചിയൂർ പി. ബാബു, എസ്. പുഷ്‌പലത, സെക്രട്ടറി എൽ.എസ്. ദീപ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും എത്തിയിരുന്നു.