ramesh-chennithala
RAMESH CHENNITHALA

തിരുവനന്തപുരം:കൊവിഡ്കാലത്ത് പ്രതിസന്ധിയിലായ ജനങ്ങളെ അമിത വൈദ്യുതി നിരക്ക് ഈടാക്കി കൊള്ളയടിക്കുന്ന

നടപടിക്കെതിരെ വൈദ്യുതി വിളക്കുകൾ കെടുത്തി യു.ഡി.എഫ് പ്രതിഷേധം.

`ലൈറ്റ്സ് ഒഫ് കേരള' എന്ന പേരിൽ ഈ മാസം 17ന് രാത്രി 9ന് മൂന്ന് മിനിറ്റ് നേരം വൈദ്യുതി വിളക്കുകളണയ്ക്കും. നിരക്ക് വർദ്ധനവിനെതിരെ change.org എന്ന വെബ്സൈറ്റ് വഴി ജനകീയ പ്രചാരണവും തുടങ്ങുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിരക്ക് വർദ്ധനവ് ഔദ്യോഗികമായി പറയാതെ കൊള്ളയടിക്കുകയാണ്.പരാതികൾ പരിഹരിക്കുമെന്ന് ഒന്നരയാഴ്ച മുമ്പ് മന്ത്രി പറഞ്ഞെങ്കിലും ഇതുവരെ നടപടിയില്ല. അ‌ടഞ്ഞു കിടക്കുന്ന ചെറുകിട വ്യവസായസ്ഥാപനങ്ങൾ ഫിക്സഡ് ചാർജിന്റെ പേരിൽ വൻതുക നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായി.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ 231 പഞ്ചായത്ത് സെക്രട്ടറിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ഇതിനെതിരെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സർക്കാർ കൈവിട്ട നിലയിലാണ്. തിരുവനന്തപുരം മെഡി. കോളേജ് കൊവിഡ് വാർഡിലെ രണ്ട് ആത്മഹത്യകൾ ഇതിനു തെളിവാണ്. ആദ്യത്തെ ആത്മഹത്യക്കുശേഷവും ഉദാസീനത കാട്ടിയതുകൊണ്ടാണ് വീണ്ടും ഒരു ജീവൻകൂടി നഷ്ടപ്പെട്ടത്. എന്നിട്ടും ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആര് പറഞ്ഞാലും യു.ഡി.എഫ് സമ്മതിക്കില്ല. ചുരുക്കം നിയമനങ്ങൾ മാത്രം നടന്ന മുപ്പതോളം പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണം. കേന്ദ്രസർക്കാർ അടിക്കടി ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.