universitycollege

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ ഏറ്റവും പുതിയ റാങ്കിംഗ് പട്ടികയനുസരിച്ച് കേരളത്തിലെ മികച്ച കോളേജ് എന്ന സ്ഥാനം നിലനിറുത്തിയ യൂണിവേഴ്സിറ്റി കോളേജിന് കോളേജിലെ അലുംനി അസോസിയേഷന്റെ ആദരം. ദേശീയ തലത്തിൽ നിലവിലുണ്ടായിരുന്ന 23ാം സ്ഥാനവും കോളേജ് നിലനിറുത്തിയിട്ടുണ്ട്. അലുംനി അസോസയേഷൻ പ്രസിഡന്റ് എസ്.പി.ദീപക്കിന്റെ അദ്ധ്യക്ഷതയിൽ കോളേജ് അങ്കണത്തിൽ നടന്ന അനുമോദനച്ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. കോളേജിനെ വളഞ്ഞിട്ടാക്രമിച്ചവർക്ക് ഇവിടത്തെ വിദ്യാർത്ഥികൾ നൽകിയ ഉചിതമായ മറുപടിയാണ് അംഗീകാരമെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷൻ ഉപഹാരം മന്ത്രിയിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികളെ മന്ത്രി പൊന്നാടയണിയിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.സുബ്രഹ്മണ്യൻ, ഡോ.ബേബി ഷക്കീല, കേരള സർവകലാശാല യൂണിയൻ ചെയർമാൻ എ.ആർ.റിയാസ്, ജീവനക്കാരുടെ പ്രതിനിധി ബിനു, പൂർവ വിദ്യാർത്ഥികളായ കരമന സുധീർ, ഡോ.നീനാ പ്രസാദ്, അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.