പാലോട്: വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചിട്ടും യാതൊരു പുരോഗമനവുമില്ലാതെ നന്ദിയോട്-ആനാട് കുടിവെള്ള പദ്ധതി. 2009ൽ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ നിർമ്മാണങ്ങളാണ് കാടുകയറി നശിച്ച നിലയിലുള്ളത്. പ്ളാന്റുകളിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണം വൈകുന്നതാണ് പദ്ധതി വൈകുന്നതിൽ നിലവിലുള്ള കാരണം. ഓവർ ഹെഡ് ടാങ്കുകൾ നിർമ്മിക്കാനായി മൂന്നിടങ്ങളിലായി 40 സെന്റ് സ്ഥലം 32 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് വാങ്ങി വാട്ടർ അതോറിട്ടിക്ക് കൈമാറിയിരുന്നു. എന്നാൽ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണം
നാളിതുവരെ ആരംഭിച്ചിട്ടല്ല. എന്നാൽ സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ലാഷ് മിക്സർ ക്ലാരി ഫയർ ഫോക്കലേറ്റർ, പാലോട് ആറ്റുകടവിലെ വാട്ടർ ടാങ്ക് നിർമ്മാണം എന്നിവ പൂർത്തിയായിട്ടുണ്ട്. എന്നാൽ ഇവിടെ മുഴുവൻ ഇപ്പോൾ കാടുകയറി നശിച്ച അവസ്ഥയാണ് നിലവിലുള്ളത്. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പദ്ധതി പൂർത്തിയാക്കാൻ തടസമായത് എന്നാണ് ഇപ്പോഴത്തെ വാദം. എൻ.കെ. പ്രേമചന്ദ്രൻ ജലസേചന വകുപ്പ് മന്ത്രിയായിരിക്കെയാണ് രണ്ട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കാനായി ഈ പദ്ധതി പ്രഖ്യാപിച്ച് നടപ്പിലാക്കാൻ ശ്രമിച്ചത്. ഇപ്പോഴത്തെ അവസ്ഥ കണക്കാക്കിയാൽ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് അസ്തമിച്ചുകൊണ്ടിരിക്കുന്നത്. കുടിവെള്ള പദ്ധതിയിലെ മെയിൻ ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള വഴിയും റോഡ് വികസനത്തിന്റെ പേരിൽ നശിപ്പിച്ചിട്ടുണ്ട്. ഓവർ ഹെഡ് ടാങ്ക് നിർമ്മിച്ച് വീടുകളിൽ വെള്ളമെത്തിക്കാനുള്ള ചെറിയ പൈപ്പ് ലൈൻ പണി കൂടി ആരംഭിച്ചാൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. വാട്ടർ അതോറിട്ടിയുടെ തികഞ്ഞ അനാസ്ഥകാരണം കുടിവെള്ള പദ്ധതി പൂർണമായും നശിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണത്തിനായി നന്ദിയോട് പഞ്ചായത്തിലെ ആലുങ്കുഴിയിൽ 15 സെന്റ് 7 ലക്ഷം രൂപക്കും, താന്നിമൂട്ടിൽ 15 സെന്റ് 15 ലക്ഷം രൂപക്കും, ആനക്കുഴിയിൽ 10 സെന്റ് 5 ലക്ഷം രൂപക്കും പഞ്ചായത്ത് സ്ഥലം വാങ്ങി വാട്ടർ അതോറിട്ടിക്ക് കൈമാറിയിട്ടുണ്ട്.
എൻ.കെ. പ്രേമചന്ദ്രൻ ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച് തുക അനുവദിച്ച 60 കോടി രൂപയുടെ പദ്ധതിയാണ് കാട് കയറി നശിച്ച നിലയിലുള്ളത്