indonesia

ജക്കാർത്ത : കൊവിഡിനെത്തുടർന് ഇന്തോനേഷ്യയിൽ മരിച്ചത് നൂറു കണക്കിന് കുട്ടികൾ. ലോകത്ത് കൊവിഡ് 19മൂലം കുട്ടികളിൽ ഏറ്റവും കൂടുതൽ മരണനിരക്ക് കൂടിയ രാജ്യമായിരിക്കുകയാണ് ഇന്തോനേഷ്യ. ജനസംഖ്യയിൽ നാലാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിൽ കുട്ടികളിലെ പോഷക കുറവ്, അനീമിയ, ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഉയർന്ന മരണനിരക്കിന് പിന്നിലെന്ന് പീഡിയാട്രീഷ്യൻമാരും ആരോഗ്യ വിദഗ്ദ്ധരും വിരൽ ചൂണ്ടുന്നു. മാർച്ചിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ ഇതേ വരെ 2,048 പേരാണ് ഇന്തോനേഷ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 36,400 ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

18 വയസിൽ താഴെയുള്ള ഏകദേശം 715 പേർക്കാണ് ഇന്തോനേഷ്യയിൽ കൊവിഡ് ബാധിച്ചതായാണ് കണക്ക്. ഇതിൽ 28 പേർ മരിച്ചു. നിരീക്ഷണത്തിൽ കഴി‌ഞ്ഞ 7,152 കുട്ടികളിൽ 380 ലേറെ കുട്ടികൾ മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നില്ല. 270 ദശലക്ഷം പേർ ജീവിക്കുന്ന ഇന്തോനേഷ്യയിലെ അഞ്ച് വയസിൽ താഴെയുള്ള മൂന്നിൽ ഒരു കുട്ടിയ്ക്ക് വളർച്ചക്കുറവുണ്ടെന്നാണ് യൂണിസെഫിന്റെ കണക്ക്.