തിരുവനന്തപുരം: വട്ടിയൂർക്കാവിൽ റിട്ടയേർഡ് പൊലീസ് ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ ഭാര്യയെ അടിച്ചു കൊന്ന് ഭർത്താവ് വീട്ടു പരിസരത്തെ മരക്കൊമ്പിൽ ജീവനൊടുക്കി. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. രണ്ടു പെൺമക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം.
തൊഴുവൻകോട് ക്ഷേത്രത്തിനു സമീപം ഇടപ്പറമ്പ് അഞ്ജലി ഭവനിൽ റിട്ട. എ.എസ്.ഐ പി.പൊന്നൻ (70), റിട്ട. ഹെഡ് കോൺസ്റ്റബിൾ ലീല (68) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കത്തിനിടെ കൈയിൽ കിട്ടിയ പട്ടിക കഷ്ണവും കമ്പിയും ഉപയോഗിച്ച് പൊന്നൻ ലീലയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ചോര വാർന്ന് ബോധരഹിതയായ ലീലയെ നാട്ടുകാരും സംഭവമറിഞ്ഞെത്തിയ വട്ടിയൂർക്കാവ് പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീല മരിച്ചെന്ന് കരുതി പൊന്നൻ പുരയിടത്തിലെ മരക്കൊമ്പിൽ കെട്ടിത്തൂങ്ങിയതാവാമെന്നാണ് പൊലീസ് നിഗമനം.
സർവീസിലിരിക്കെ പരസ്പരം ഇഷ്ടപ്പെട്ട് മുപ്പത് വർഷം മുമ്പാണ് ലീലയും പൊന്നനും ഒരുമിച്ച് ജീവിതമാരംഭിച്ചത്. ഇവർക്ക് റോഡിന് അപ്പുറവും ഇപ്പുറവും രണ്ടു വീടുണ്ട്. കുടുംബ വഴക്കിനെയും സംശയങ്ങളെയും തുടർന്ന് കഴിഞ്ഞ ഒരു വർഷമായി രണ്ടു വീട്ടിലായി പിരിഞ്ഞു കഴിയുകയായിരുന്നു. പെൺമക്കൾ പിതാവിനൊപ്പം പുതിയ വീട്ടിലായിരുന്നെങ്കിലും ഇവരുമായും പൊന്നൻ അകൽച്ചയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
പൊന്നനിൽ നിന്ന് ജീവന് ഭീഷണിയുള്ളതായി ലീല നേരത്തെ പലതവണ ബന്ധുക്കളെ അറിയിച്ചിരുന്നു. വഴക്കും കെെയാങ്കളിയും പതിവായിരുന്നെന്നും പൊന്നന്റെ ചില ബന്ധങ്ങൾ ലീല ചോദ്യം ചെയ്‌തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊന്നന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ് മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം ലീലയുടെ
മൃതദേഹം ഇന്ന് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. മക്കൾ: പൊന്നമ്പിളി, പൊന്നഞ്ജലി. മരുമകൻ: വിമൽ.
ഒരാഴ്ചക്കുള്ളിൽ നഗരത്തിൽ കുടുംബവഴക്കിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. മണക്കാട് മുക്കോലയ്ക്കലിൽ മകന്റെ അടിയേറ്റ് മുൻ ക്രിക്കറ്റർ ജയമോഹൻ തമ്പി കൊല്ലപ്പെട്ടതാണ് ആദ്യ സംഭവം.