മുടപുരം:സാഹിത്യ ,സാംസ്‌കാരിക രംഗത്ത് പുതിയ ആശയങ്ങളും ചർച്ചകളുടെ ചൂടുംചൂരും പകർന്നിരുന്ന നാട്ടിലെ ഒട്ടേറെ സാംസ്‌കാരിക കൂട്ടായ്മകളുടെ പ്രവർത്തനം ലോക്ക് ഡൗൺ മൂലം താത്കാലികമായി നിലച്ചു. ഇതുമൂലം ചർച്ചാ വേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്ന കലാ ,സാംസ്‌കാരിക രംഗത്തെ പ്രമുഖരും എഴുത്തുകാരും പങ്കാളികളും വിഷമ വൃത്തത്തിലായി.
മുടപുരത്തെ ഉണർവ്വ് ,ചിറയിൻകീഴിലെ വിളക്ക്,കടയ്ക്കാവൂർ കാളിദാസ,ആറ്റിങ്ങൽ അഭിധ,വർക്കല സൗഹൃദവേദി,കല്ലമ്പലം മൊഴി,നാവായിക്കുളം മലയാള വേദി,ക്ലാസിക്,അക്ഷരക്കൂട്ടം,തുടങ്ങി ഇരുപതില്പരം ചർച്ചാ വേദികൾ ചിറയിൻകീഴ്,വർക്കല താലൂക്കുകളിൽ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്നു.മാസത്തിൽ ഒരിക്കൽ ഒത്തുചേരാറുള്ള ഈ സംഘടനകൾക്ക് നിരവധി പുതിയ എഴുത്തുകാരെയും പ്രാസംഗികരേയും സൃഷ്ടിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.പുസ്തക പ്രകാശനം,പുസ്തക ചർച്ച,കവിയരങ്ങ്,കഥയരങ്ങ്,പ്രഭാഷണങ്ങൾ,തുടങ്ങിയവ ഇവർ സംഘടിപ്പിച്ചിരുന്നു.മുഖ്യ പ്രഭാഷണത്തിന് ശേഷം സദസ്സിലിരിക്കുന്ന ആർക്കും ചർച്ചയിൽ പങ്കെടുക്കുവാൻ അവസരം ഉണ്ട്.പ്രഭാഷണത്തെ അനുകൂലിച്ചോ,പ്രതികൂലിച്ചോ വിമർശിച്ചോ സംസാരിക്കുവാനുള്ള അവസരം ആർക്കും ലഭിക്കും.അങ്ങനെയുള്ള പുതുമയാർന്ന സാംസ്‌കാരിക സാഹിത്യ സംവാദങ്ങളിൽ ഏതു രംഗത്തുള്ള പ്രമുഖർക്കും സാധാരണക്കാർക്കും പങ്കെടുക്കാമായിരുന്നു.താത്കാലികമായെങ്കിലും സംഘടനകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണെങ്കിലും കൊറിഡ് മഹാമാരി പൂർണമായും വിട്ടൊഴിയുന്നതോടെ പഴയ തലയെടുപ്പുമായി ഈ സംഘടനകൾ വീണ്ടും പ്രകാശം പരാതി തിളങ്ങുക തന്നെ ചെയ്യുമെന്ന് നോവലിസ്റ്റും വിളക്കിന്റെ സംഘാടക സമിതി അംഗവുമായ വിജയൻ പുരവൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.