cpm-
സിപിഎം

തിരുവനന്തപുരം: ഭവന സന്ദർശനവും കുടുംബ യോഗങ്ങളും നടത്തി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കാൻ ഓൺലൈൻ വഴി ചേർന്ന സി.പി.എം സംസ്ഥാനകമ്മിറ്റി യോഗത്തിൽ തീരുമാനം.

തിരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം നടക്കുമെന്ന കണക്കുകൂട്ടലിൽ പ്രവർത്തനം ഊർജിതപ്പെടുത്തണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചു. 17ന് വോട്ടർപട്ടിക പുറത്തിറക്കിയാലുടൻ പേര് വിട്ടുപോയവരെ ഉൾപ്പെടുത്തണം. പത്ത് വീടുകൾക്ക് രണ്ട് പേർ എന്ന കണക്കിലായിരിക്കണം ഭവനസന്ദർശനം. അടുത്ത ഘട്ടത്തിൽ പത്ത് വീടുകൾ കേന്ദ്രീകരിച്ച് കുടുംബയോഗങ്ങൾ സംഘടിപ്പിക്കണം.

കാർഷികമേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതി ജനകീയ ഇടപെടൽ സജീവമാക്കാനുള്ള അവസരമാക്കണം. തരിശിടങ്ങൾ ഏറ്റെടുത്ത് കൃഷി നടത്തുന്നത് ഇതിനകം സജീവമാക്കിയിട്ടുണ്ട്. നവമാദ്ധ്യമ കാമ്പെയിനിംഗും ശക്തമാക്കും. ബ്രാഞ്ച് തലത്തിലുള്ള നവമാദ്ധ്യമ കൂട്ടായ്മയിലൂടെ സംസ്ഥാന നേതാക്കളുടെ പ്രസംഗങ്ങൾ കേൾപ്പിക്കുന്നതടക്കം പരിപാടികൾ ഇപ്പോൾ നടത്തുന്നുണ്ട്.

16ന് പ്രതിഷേധദിനം

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ പാർട്ടി പോളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്ത പ്രതിഷേധദിനം 16ന് രാവിലെ 11മുതൽ 12വരെ നടക്കും. ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറ് മാസം നൽകുക, ഒരാൾക്ക് 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക തുടങ്ങിയവയാണ് മുദ്രാവാക്യങ്ങൾ.

വീഡിയോ മീറ്റിംഗ്

വീഡിയോ മീറ്റിംഗായാണ് സംസ്ഥാനകമ്മിറ്റി ചേർന്നത്. സെക്രട്ടേറിയറ്റംഗങ്ങൾ എ.കെ.ജി സെന്ററിലും സംസ്ഥാനകമ്മിറ്റി അംഗങ്ങൾ അതത് ജില്ലാകമ്മിറ്റി ഓഫീസുകളിലുമിരുന്ന് പങ്കെടുത്തു. പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള രാഷ്ട്രീയ റിപ്പോർട്ടിംഗ് നടത്തി. കോടിയേരിക്ക് പുറമേ പി.ബി അംഗങ്ങളായ പിണറായി വിജയനും എം.എ. ബേബിയുമുണ്ടായിരുന്നു. ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങൾക്കും ലോക്കൽ സെക്രട്ടറിമാർക്കുമുള്ള റിപ്പോർട്ടിംഗ് ഇന്ന് രാവിലെ 10നാണ്.