തിരുവനന്തപുരം: നികുതി ബാദ്ധ്യതയില്ലാത്ത വ്യാപാരികൾ കഴിഞ്ഞ മൂന്നു വർഷമായി ജി.എസ്. ടി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിലും, ലേറ്റ് ഫീ ഈടാക്കേണ്ടെന്ന് ജി.എസ്. ടി കൗൺസിൽ തീരുമാനിച്ചു. 2017 ജൂലായ് മുതൽ ഈ വർഷം ജനുവരി വരെയുള്ള റിട്ടേണുകൾക്കാണ് ബാധകം.
നികുതി ബാദ്ധ്യതയുള്ളവർ 10,000 രൂപയ്ക്ക് പകരം 500 രൂപ ലേറ്റ് ഫീ അടച്ചാൽ മതി. ഈ വർഷം ഫെബ്രുവരി, മാർച്ച് ,ഏപ്രിൽ മാസത്തെ റിട്ടേൺ ജൂലായ് 6 വരെ നൽകാം.അതിന് ശേഷം നൽകുന്നവർ 5 കോടിയിൽ താഴെ വിറ്റുവരവുള്ളവരാണെങ്കിൽ വൈകിയതിനുള്ള പലിശ നിരക്ക് 18 ൽ നിന്ന് 9 ശതമാനമായി കുറയ്ക്കും. ഇവർ സെപ്തംബർ 30 നകം റിട്ടേൺ ഫയൽ ചെയ്യണം.
ഇന്നലെ ഡൽഹിയിൽ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ജി.എസ്. ടി കൗൺസിൽ യോഗം നടത്തിയത്. സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് തിരുവനന്തപുരത്ത് നിന്നാണ് പങ്കെടുത്തത്.
സംസ്ഥാനങ്ങളുടെ നഷ്ട
പരിഹാരം ചർച്ച ചെയ്യും
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്രസർക്കാരിന്റെ കൈവശമുള്ള സെസ് വരുമാനം തികയാത്തതിനാൽ എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ ജൂലായ് പകുതിയോടെ പ്രത്യേക ജി.എസ്.ടി കൗൺസിൽ ചേരും. വിപണിയിൽ നിന്ന് കടമെടുക്കലും പരിഗണനയിലുണ്ട്.
കേന്ദ്രത്തിന്റെ ജി.എസ്.ടി വരുമാനത്തിൽ 87 ശതമാനം കുറവുണ്ട്. ഏപ്രിൽ , മേയ് മാസങ്ങളിലെ റിട്ടേൺ നീട്ടിയതിനാൽ ഈ രണ്ടുമാസത്തെ വരുമാനം തിട്ടപ്പെടുത്തിയിട്ടില്ല.