മലയിൻകീഴ്/ തിരുവനന്തപുരം: മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങൾക്കും മറ്റും സുരക്ഷ ഒരുക്കുന്ന സംഘത്തിന്റെ തലവൻ മാറനല്ലൂർ ബി.വി.ഭവനിൽ മാറനല്ലൂർ ദാസ് (47,ക്രിസ്തുദാസ് ) നിര്യാതനായി. സൂപ്പർ താരങ്ങളായ മമ്മൂട്ടി,മോഹൻലാൽ,വിജയ് തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുടെ ബോഡിഗാർഡായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യ ബൗൺസറാണ് (സെക്യൂരിറ്റി) ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ഈ രംഗത്തുള്ള ദാസ്.
കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 8 ന് നടക്കും. ഭാര്യ: ഒ.ഷൈജ (റെയിൽവേ).മക്കൾ: നയനദാസ്,നയിൻദാസ്.
സിനിമാ ലൊക്കേഷനായാലും താരനിശയായാലും ഉദ്ഘാടന ചടങ്ങുകളായാലും സഫാരി സ്യൂട്ടിൽ ആറടി മൂന്നിഞ്ചുകാരൻ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കി മുന്നിലുണ്ടാവും.
പൃഥ്വിരാജ്, ടൊവീനോ, വിജയ്, സൂര്യ, ഷാരൂഖ് ഖാൻ തുടങ്ങിയവരും ദാസ് ഒരുക്കുന്ന വലയത്തിൽ സുരക്ഷിതരായിരുന്നു.
കിരീടം ഉണ്ണിയുടെ സിനിമകളിൽ പ്രൊഡക്‌ഷനിൽ വിഭാഗത്തിലാണ് തുടക്കം. അതിനുശേഷം കുറേക്കാലം വിദേശത്തായിരുന്നു. തിരിച്ചെത്തിയശേഷം ലൊക്കേഷനിൽ പോയി സ്വയം സുരക്ഷാജീവനക്കാരനായി. പിന്നീട് വനിതകളുൾപ്പെടെ 50 പേരടങ്ങുന്ന ബൗൺസർ ടീം രൂപീകരിച്ചു.കുറച്ചുനാൾമുമ്പ് ടൊവീനയുടെ സിനിമാ ലൊക്കേഷനിൽ വച്ചു സിൽവർ ജൂബിലി ആഘോഷിക്കുകയും ചെയ്തു.
ഐ.വി.ശശിയുടെ 'ശ്രദ്ധ' മുതലാണ് സെക്യൂരിറ്റി വേഷം അണിഞ്ഞത്. അപകടം പിടിച്ച പണിയാണെന്ന് ദാസ് പറയാറുണ്ട്.
മോഹൻലാൽ ചിത്രമായ 'ഫ്ളാഷി'ന്റെ ചിത്രീകരണം ബേക്കലിൽ നടക്കവേ ഒരാൾ പുറകിൽ നിന്നും കുത്തി. മറ്രൊരാൾ വെട്ടുകല്ല് കൊണ്ട് തലയ്ക്കെറിഞ്ഞു. ദാസ് ആശുപത്രിയിലായി. 'ഹരിഹരൻപിള്ള ഹാപ്പിയാണ്' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും മടങ്ങുമ്പോൾ ഒരു സംഘം ദാസിനെ തള്ളി തണ്ണീർമുക്കം കായലിലിട്ടു.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ ദാസിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ഫേസ്ബുക്കിൽ കുറിപ്പിട്ടു.