തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന് കൂട്ടായ ശ്രമമാണ് വേണ്ടതെന്നും ജനങ്ങൾ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാറണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ആരോഗ്യപ്രവർത്തകർ, കെ.എസ്.ആർ.ടി.സി ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 15 ലക്ഷം മാസ്‌ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് രോഗത്തിന്റെ വ്യാപനം തടയാൻ എല്ലാവിഭാഗം ജനങ്ങൾക്കും പ്രതിരോധ മാർഗങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് മാസ്ക് നൽകി പദ്ധതിയുടെ വിതരണോദ്‌ഘാടനം അദ്ദേഹം നിർവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, മനോജ് ബി. ഇടമന, ഇന്ദിര രവീന്ദ്രൻ, എൻ. രാജൻ എന്നിവർ സംസാരിച്ചു.