kovalam

കോവളം: ലോക്ക് ഡൗണിനെ തുടർന്ന് ആഫ്രിക്കൻ പായലും കുളവാഴയും മാലിന്യവും നിറഞ്ഞ് നാശത്തിലേക്ക് പോകുന്ന വെള്ളായണി കായലിന്റെ സ്വാഭാവിക പരിസ്ഥിതി തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാർ. വെള്ളായണി കായൽമേഖല പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ഉത്തരവാദിത്വ ടൂറിസം സൗഹൃദ മേഖലയാക്കി മാറ്റാനും കായൽ ആഴം കൂട്ടൽ ഉൾപ്പെടെയുള്ള കർമപദ്ധതിക്ക് രൂപം നൽകിയെങ്കിലും കായൽ സംരക്ഷണം ചുവപ്പ് നാടയിൽ കുടുങ്ങി. ആഴം കൂട്ടലും തുടർസംരക്ഷണവും ഉൾപ്പെടെയുള്ള വിശദമായ പദ്ധതി ബാർട്ടൻഹിൽ എൻജിനിയറിംഗ് കോളേജിന്റെ സഹകരണത്തോടെ തയാറാക്കി കിഫ്ബിക്ക് സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിനോട് നിർദ്ദേശിച്ചെങ്കിലും ഫലം കണ്ടില്ല. കായൽ സംരക്ഷിക്കാൻ സർക്കാരും സംഘടനകളും ആവിഷ്‌കരിച്ച പദ്ധതികൾ അധികൃതരുടെ അനാസ്ഥകാരണം കുടുങ്ങിക്കിടക്കുമ്പോഴാണ് സ്വമേധയാ ശുചീകരണപ്രവർത്തനം നടത്തി നാട്ടുകാർ മാതൃകയാകുന്നത്. വെങ്ങാനൂർ ഗ്രാമപഞ്ചായത്തംഗവും സേവ് ലേക്ക് വെള്ളായണി ക്ലീൻ അപ്പ് കമ്മിറ്റി ചെയർമാനുമായ മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ ഒരു മാസമായി നടന്നുവരുന്നത്. വിദേശികളും സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയ ജനപങ്കാളിത്തത്തോടെയാണ് കഴിഞ്ഞ വർഷം ശുചീകരണ യജ്ഞം നടത്തിയത്. എന്നാൽ കുറച്ച് മാസം കഴിഞ്ഞപ്പോൾ കായലിൽ വീണ്ടും പായലും കുളവാഴകളും പെരുകി. നീർത്തടാകം പരിസ്ഥിതി സംഘടന, കടവിൻ മൂല ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ, ശ്രീ നീലകേശി സാംസ്‌കാരിക സമിതി, വിന്റസ് പക്ഷി നിരീക്ഷണ സംഘം, വീൽസ് സൈക്ലിംഗ് ക്ലബ്, റീജിയൻ ബോയ്സ്, വിവിധ രാഷ്ട്രീയ പാർട്ടികൾ, അദാനി ഫൗണ്ടേഷൻ, യുവജന സംഘടനകൾ, മത്സ്യത്തൊഴിലാളികൾ, പ്രഭാത സായാഹ്ന സവാരിക്കാർ തുടങ്ങിയ സംഘടനകളും വെള്ളായണി കായലിന്റെ പുനരുജ്ജീവനത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്.


ഇത് കടമയാണ്

കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ ഈ തടാകത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏക ശുദ്ധീകരണ തടാകമായ വെള്ളായണി കായലിനെ സംരക്ഷിക്കേണ്ടത് നാട്ടുകാരായ തങ്ങളുടെ ഓരോരുത്തരുടെയും കടമയാണെന്ന് ശുചീകരണത്തിലേർപ്പെടുന്നവർ അഭിമാനത്തോടെ പറയുന്നു. എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെ കായലിന്റെ ഓരോ കടവ് വീതം വൃത്തിയാക്കാനാണ് ഇവരുടെ തീരുമാനം. ശുചീകരണ പ്രവർത്തനങ്ങൾ ഓരോ ദിവസവും ഫേസ്ബുക്ക് പേജുകളിൽ വൈറലായതോടെ ശുചീകരണത്തിൽ പങ്കാളികളാകാൻ അനേകം പേർ കടവിൻമൂല കായൽക്കരയിൽ എത്തുന്നുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും ശുചീകരണത്തിനെത്തുന്നവരുടെ എണ്ണം കൂടുന്നത് സന്നദ്ധപ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ്. കുളവാഴയുടെ തണ്ട് കട്ട് ചെയ്ത് ഉണക്കി മാറ്റുന്നുണ്ട്. ഇത് കരകൗശല മേഖലയ്ക്ക് നൽകാനാണ് പദ്ധതി. ഇലകളും വേസ്റ്റും ജൈവവളത്തിനായി പ്രയോജനപ്പെടുത്തും. റിട്ട. ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ, ചലച്ചിത്ര നടി ശരണ്യ മോഹൻ, ചിത്രകാരൻ ആർ.എസ് മധു, റിട്ട. ഐ.ജി ഗോപിനാഥ്, ക്യാ്ര്രപൻ സൂരജ്, ഡോ. അനിൽ ബാലകൃഷ്ണൻ, എബി ജോർജ് തുടങ്ങിയവരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.


ശുചീകരിച്ച് 6 മാസം തികയുന്നതിന് മുമ്പ് തന്നെ കായലിന്റെ 50 ഏക്കറോളം ഭാഗം പായലും കുളവാഴകളും നിറഞ്ഞ് മൂടപ്പെടുകയായിരുന്നു. ശൂചീകരണം 25 ദിനങ്ങൾ പൂർത്തിയായപ്പോൾ 30 ഏക്കറോോളം ഭാഗങ്ങൾ വൃത്തിയാക്കി.ഇനിയുള്ള 20 ഏക്കറോളം ഭാഗം കൂട്ടായ്മയായി ശുചീകരിക്കും. 100 ലോഡ് മാലിന്യങ്ങളാണ് ഇതുവരെ മാറ്റിയത്