തിരുവനന്തപുരം: സഹകരണ മന്ത്രിയുടെ ഓഫീസിലെത്തുന്ന സന്ദർശകർക്ക് ബോട്ടിലിൽ തൊടാതെ സാനിറ്റൈസർ ഉപയോഗിക്കാം. കോ - ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലെ മുട്ടത്തറ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത് മന്ത്രിയുടെ ഓഫീസിൽ സ്ഥാപിച്ച ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റൈസർ മെഷീന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സരേന്ദ്രൻ നിർവഹിച്ചു. പ്രൊഫ.ബിന്ദു.ജെ.എസിന്റെ നേതൃത്വത്തിൽ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ബിനോയ്, ആസിഫ്, അബ്ദുള്ള, റോഷൻ, ആദിത്യൻ, യാസർ എന്നിവരാണ് മെഷീൻ നിർമ്മിച്ചത്. മെഷീനിന്റെ മുന്നിലെ നിശ്ചിത സ്ഥലത്തേക്ക് കൈ നീട്ടിയാൽ ആവശ്യമായത്ര സാനിറ്റൈസർ കൈയിൽ വീഴുന്ന രീതിയിലാണ് നിർമ്മാണം. ഫോറക്‌സ് ഷീറ്റിൽ ആർഡിനോ ബോർഡും ആൾട്രാസോണിക് സെൻസറും ഇമ്മേഴ്സഡ് മോട്ടറും ഉപയോഗിച്ചാണ് മെഷീൻ നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതിയിലും ബാറ്ററിയിലും പ്രവർത്തിക്കും. 2 ലിറ്റർ കപ്പാസിറ്റിയുള്ള മെഷീനിൽ ഒരു പ്രാവശ്യം സാനിറ്റൈസർ നിറച്ചാൽ 700 പേർക്ക് ഉപയോഗിക്കാൻ കഴിയും. സാനിറ്റൈസർ റീഫിൽ ചെയ്യാനും കഴിയും. 1500 ചെലവു വരുന്ന മെഷീൻ വ്യവസായ അടിസ്ഥാനത്തിൽ അക്രലിക് ഷീറ്റ് ഉപയോഗിച്ച് നിർമ്മിക്കാൻ 2000 രൂപ വേണ്ടിവരും. ഇതിനായി കോളേജിൽ സ്റ്റാർട്ടഅപ്പ് തുടങ്ങാനുള്ള ആലോചനയിലാണ് വിദ്യാർത്ഥികൾ. കേപ്പ് ഡയറക്ടർ ഡോ ആർ. ശശികുമാർ, പ്രിൻസിപ്പൽ, ഡോ.ജി.എൽ. വത്സല, പ്രൊഫ. ബിന്ദു. ജെ.എസ്, കേപ്പ് സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബേബി ഐസക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.