തിരുവനന്തപുരം : കൊവിഡ് വെല്ലവിളികളെ അതിജീവിച്ച് ഗവ.കണ്ണാശുപത്രിയിൽ ഇരുളടഞ്ഞുപോയ എട്ട് പേരുടെ ജീവിതത്തിന് പുതു വെളിച്ചം പകർന്നു. തുടർച്ചയായി നടന്ന നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് എട്ടു പേർക്ക് കാഴ്ചശക്തി വീണ്ടെടുത്തത്. കൊവിഡ് കാലത്ത് മസ്തിഷ്കമരണം സംഭവിച്ച ആറുപേരുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ഇതിലൂടെയാണ് ശസ്ത്രക്രിയ സാദ്ധ്യമായത്. എട്ടുപേരിൽ അവസാനത്തെ രണ്ടുപേർ വെള്ളിയാഴ്ച ആശുപത്രി വിട്ടു. തിരുവല്ലം നെല്ലിയോട് സ്വദേശി സ്വയംപ്രഭ (65), ബാലരാമപുരം സ്വദേശി ഗോമതി (62) എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയത്. മറ്റ് ആറു പേരെ രണ്ടാഴ്ച മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയായിരുന്നു നേത്രപടലങ്ങൾ ഇവർക്ക് ലഭിച്ചത്. കണ്ണാശുപത്രി ആർ.എം.ഒയായ അഡിഷണൽ പ്രൊഫസർ ഡോ.ചിത്രാരാഘവന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അനസ്‌തേഷ്യാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഡാലിയ ദിവാകർ, സീനിയർ റസിഡന്റുമാരായ ഡോ.സംയുക്ത, ഡോ. ഇന്ദു എന്നിവർക്കൊപ്പം ഡോ. ഡിസിൽവ, ഡോ.അഞ്ജലി, ഡോ.സ്‌നേഹ (പി.ജി വിദ്യാർത്ഥികൾ),സ്റ്റാഫ് നഴ്സുമാരായ സ്വപ്നാ ബാബു, ദീപ്തി, ബിന്ദു എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.