കഴക്കൂട്ടം: കേന്ദ്ര പദ്ധതികൾ പലതും കേരളത്തിൽ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാരും കോൺഗ്രസും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിച്ച പിണറായി സർക്കാരിനെതിരെയും വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കോൺഗ്രസിനെതിരെയും ചെമ്പഴന്തി ഗുരുകുലത്തിന് മുന്നിൽ ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഭക്തരെയും ജനങ്ങളെയും പറ്റിച്ച് രാഷ്ടീയനേട്ടം കൊയ്യാനുള്ള ഇത്തരക്കാരുടെ ശ്രമം നടക്കില്ലെന്നും ശിവഗിരിയിൽ കേന്ദ്രം അനുവദിച്ച പദ്ധതി കൃത്യമായി നടപ്പാക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, കൗൺസിലർമാരായ നാരായണമംഗലം രാജേന്ദ്രൻ, എ. പ്രദിപ് കുമാർ, ഹിമാസിജി, മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജിവ്, പോങ്ങുംമൂട് വിക്രമൻ, ചെമ്പഴന്തി ഉദയൻ, സജിത്ത് കുമാർ, സുനിചന്ദ്രൻ, പാങ്ങപ്പാറ രാജീവ്, ചെറുവയ്ക്കൽ ജയൻ, ശിവലാൽ, ബാലു തുടങ്ങിയവർ നേതൃത്വം നൽകി. വൈകിട്ട് സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പങ്കെടുത്തു.