തിരുവനന്തപുരം: വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയ മാവോയിസ്റ്റ് കേസിലെ പ്രതികളായ അലനെയും താഹയെയും പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു. കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നും എറണാകുളം ജില്ലാ ജയിലിലേക്ക് താത്കാലികമായി മാറ്റിയപ്പോൾ ഇവർ നിയമാനുസൃതമായ ശരീരപരിശോധനയ്ക്ക് വഴങ്ങാതെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തി. ജീവനക്കാരെ ജയിലിനു പുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാട്ടി ജില്ലാ ജയിൽ സൂപ്രണ്ട് എൻ.ഐ.എ കോടതിയിൽ പരാതി നൽകിയിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് ഇവരെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകാൻ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.