thozhuvancode-murder

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ റിട്ട. എ.എസ്.ഐ പൊന്നൻ ഭാര്യയും റിട്ട.എസ്.ഐയുമായ ഭാര്യ ലീലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് വഴിവിട്ട ബന്ധങ്ങൾ ചോദ്യം ചെയ്തതിലുള്ള പകയെന്ന് പൊലീസ്. ഇന്നലെ രാവിലെ 7.30ന് തൊഴുവൻകോട് ക്ഷേത്രത്തിനു സമീപം ഇടപ്പറമ്പ് അഞ്ജലി ഭവനിലെ വീട്ടുമുറ്റത്താണ് പ്രതി ലീലയെ തലയ്ക്കടിച്ച് വീഴ്ത്തിയത്. പട്ടിക കഷ്ണവും കമ്പിയും ഉപയോഗിച്ച് കഴുത്തിനും തലയ്ക്കും നിരവധി തവണ ശക്തമായി അടിച്ചു. അടികൊണ്ട് തലപൊട്ടി ചോര വാർന്ന് ലീല ബോധരഹിതയായി തറയിൽ വീണു. ബഹളം കേട്ട് വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് മക്കൾ ഇറങ്ങി വരുമ്പോഴേക്കും പൊന്നൻ മുറിയിൽ കയറി വാതിലടച്ചു. പെൺമക്കളുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ വിവരം പൊലീസിനെ അറിയിച്ചു. പത്തുമിനിട്ടുനുള്ളിൽ പൊലീസെത്തി ലീലയെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ പൊന്നൻ വീടിന്റെ പിൻവാതിലിലൂടെ സമീപത്തെ പുരയിടത്തിലെത്തി മരക്കൊമ്പിൽ തൂങ്ങുകയായിരുന്നു. ആൾക്കാരെത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. വ്യാഴാഴ്ചയും പ്രതിയും ലീലയും തമ്മിൽ ഒരു യുവതിയെ ചൊല്ലി വഴക്ക് നടന്നിരുന്നതായി അയൽവാസികൾ പറഞ്ഞു. ഇതിന് പിന്നാലെ ഉച്ചയോടെ വീട്ടിൽ നിന്ന് പോയ പൊന്നൻ രാത്രി വൈകിയും വീട്ടിലെത്തിയിരുന്നില്ല. നിരവധി തവണ ലീല ഫോണിൽ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. പിന്നീട് സഹോദരന്റെ വീട്ടിലാണെന്നും പുലർച്ചെ എത്തുമെന്നും ഇരുവരുടെയും സുഹൃത്തായ ഇന്ദിരയെ വിളിച്ചറിയിക്കുകയായിരുന്നു. ഇൗ വിവരം രാത്രി 11ഓടെ ലീല വിളച്ചപ്പോൾ അറിയിച്ചെന്നും ഇവർ പറഞ്ഞു. ഇന്ന് പുലർച്ചെയോടെയാകാം പൊന്നൻ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം നടന്ന തർക്കത്തിലാണ് കൊല നടന്നതെന്നാണ് നിഗമനം.

30 വർഷം മുൻപ് തിരുവനന്തപുരം നന്ദാവനം പൊലീസ് കേന്ദ്രത്തിൽ വച്ചുള്ള പരിചയമാണ് പൊന്നന്റെയും ലീലയുടെയും വിവാഹബന്ധത്തിൽ കലാശിച്ചത്. വിവാഹ ശേഷം രണ്ടു കുട്ടികൾ. കുടുംബപ്രശ്നങ്ങൾ ഇരുവരെയും അലട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു. വട്ടിയൂർക്കാവ് ഇടപ്പറമ്പിനു സമീപത്തെ 30 വർഷം പഴക്കമുള്ള വീട്ടിലാണ് ലീല കഴിഞ്ഞിരുന്നത്. ഒരു വർഷം മുമ്പാണ് ഇതിനു സമീപം പുതിയ ഇരുനില വീട് പണിതീർത്തത്. ഇവിടെ മക്കളും പൊന്നനുമാണ് താമസിച്ചിരുന്നത്. ലീല പഴയ വീട്ടിലും. പൊന്നൻ ഇല്ലാത്ത സമയങ്ങളിൽ ലീല മക്കളെ കാണാൻ എത്തിയിരുന്നു. പഴയ വീട്ടിൽ നിന്ന് മക്കളുടെ അടുത്തേക്കുള്ള ലീലയുടെ വരവ് അവരുടെ മരണത്തിൽ കലാശിക്കുമെന്ന് ആരും അറിഞ്ഞിരുന്നില്ല. ലീല മരിച്ചു എന്ന ധാരണയിലാണ് പൊന്നന്റെ ആത്മഹത്യ. പൊന്നന്റെ വഴിവിട്ട ബന്ധങ്ങളും അസ്വാരസ്യങ്ങളും കുടുംബത്തെ അസ്വസ്ഥമാക്കിയിരുന്നതായാണ് സൂചന.