കോട്ടയം: വൻപലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിച്ച ശേഷം തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഫിനാൻസ് സ്ഥാപന ഉടമ അറസ്റ്റിൽ. തിരുനക്കര സമൂഹ മഠത്തിനു സമീപം തുഷാര ഭവനത്തിൽ ദിലീപിനെയാണ് (56) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. അടച്ചുപൂട്ടിയ കുന്നത്തുകളത്തിൽ ഗ്രൂപ്പിലെ മുൻ ജീവനക്കാരനാണ് ഇയാൾ. ബേക്കർ ജംഗ്ഷനിലാണ് കെ.ജി.കെ ഫിനാൻസ് എന്ന പേരിൽ ഇയാൾ സ്ഥാപനം നടത്തിയിരുന്നത്. ഉയർന്ന പലിശ നൽകാമെന്നു വാഗ്ദാനം ചെയ്താണ് നിക്ഷേപം ആകർഷിച്ചിരുന്നത്. തുടക്കത്തിൽ കൃത്യമായി പലിശ നൽകുകയും പിന്നീട് മുടക്കുകയുമായിരുന്നു. തിരുനക്കര സ്വദേശികളായ രണ്ടു പേർക്ക് 20 ലക്ഷം രൂപ വീതം നഷ്ടമായതായി പരാതി നൽകിയതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.