thozhuvancode-murder

തിരുവനന്തപുരം: ഈ അടുത്തുതന്നെ എന്തെങ്കിലും സംഭവിക്കുമെന്നും അതെല്ലാം എഴുതിവച്ചിട്ടുണ്ടെന്നും പൊന്നൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.എന്നാൽ ആരും ഇത് കാര്യമാക്കിയില്ല. ഇന്നലെ രാവിലെ വിവരം അറിഞ്ഞപാടെ സുഹൃത്തുക്കളെല്ലാം തൊഴുവൻകോട്ടെ വീട്ടിലേക്ക് പാഞ്ഞെത്തി. സംശയത്തിന്റെയും സ്വത്തിന്റെയും പേരിൽ വഴക്കു മൂർച്ഛിക്കുമ്പോഴെല്ലാം പരിഹരിച്ചിരുന്നത് ഇവ‌ർ ഇടപെട്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒരുവർഷമായുള്ള പിണക്കം തീർക്കാൻ പലവട്ടം ശ്രമിച്ചിരുന്നെങ്കിലും തർക്കം മൂക്കുകയായിരുന്നു. സ്വന്തമായി വീടുവച്ചപ്പോഴും ഭാര്യയെ പൊന്നൻ അവിടേക്ക് കയറ്റിയിരുന്നില്ല. മക്കൾ അവിടേക്ക് താമസം മാറിയത് തടുക്കാനുമായില്ല. ഇവിടെ നിന്ന് പല ആവർത്തി മക്കളെ ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ പേരിൽ മക്കളുമായും പൊന്നൻ കലഹിച്ചിരുന്നു. മറ്റു ബന്ധങ്ങളെ ചൊല്ലി മക്കളും ദേഷ്യപ്പെടുന്നത് പതിവായിരുന്നു. ഒരു വീട്ടിലായിരുന്നെങ്കിലും മക്കളും പിതാവും ആഹാരം പാകം ചെയ്യുന്നത് രണ്ടു അടുക്കളയിലായിരുന്നു. ഇവിടെനിന്ന് മക്കൾ അമ്മയ്ക്ക് ആഹാരവും നൽകിയിരുന്നു. സംഭവം നടന്നതിന് തലേദിവസവും വീട്ടിൽ നിന്ന് മക്കളെ ഇറക്കിവിടാൻ ശ്രമം നടത്തിയിരുന്നതായി അയൽവാസികൾ പറഞ്ഞു. ചില പ്രശ്നങ്ങളുടെ പേരിൽ പൊന്നന്റെ മക്കളും ഭർത്താക്കന്മാരിൽ നിന്ന് അകന്നു കഴിയുകയാണ്.