വെഞ്ഞാറമൂട്: ടി.വി ചലഞ്ചുമായി നടൻ സുരാജ് വെഞ്ഞാറമൂട്. സംസ്ഥാനത്ത് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾ, സ്കൂളുകൾ, മറ്റു പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഠന സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടം പത്തു ടിവികൾ ഡി.കെ മുരളി എം.എൽ.എക്ക് കൈമാറി. സുരാജിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ റോട്ടറി ക്ലബ് സെക്രട്ടറി വി.വി. സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കിഷോർ, ആറ്റിങ്ങൽ നഗരസഭാംഗം സി.ജെ. രാജേഷ് കുമാർ, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു. വെഞ്ഞാറമൂട് പൊലീസ്, ജെ.വി.സി ഫിസ ഗ്രൂപ്പ്, യു.എ.ഇയിലെ വെഞ്ഞാറമൂട് സ്വദേശികളുടെ കൂട്ടായ്മയായ വേനൽ കൂട്ടായ്മയും പ്രവർത്തനത്തിൽ പങ്കാളിയായി. വെഞ്ഞാറമൂട് സർക്കാർ യു.പി സ്കൂളിലേക്കുള്ള ടിവി പി.ടി.എ പ്രസിഡന്റ് ഷിഹാസും, യുവജന സംഘടനകൾക്കുള്ള ടിവി വൈ.വി. ശോഭകുമാറിനും, വിദ്യാർത്ഥി സംഘടനക്കുള്ള ടിവി വിദ്യാർത്ഥി പ്രതിനിധികൾക്കും ഡി.കെ. മുരളി എം.എൽ.എ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ചേർന്ന് കൈമാറി. ഒന്നാം ഘട്ടമെന്ന നിലയ്ക്കാണ് ഇപ്പോൾ പത്ത് ടിവികൾ കൈമാറിയതെന്നും അടുത്ത ഘട്ടം കൂടുതൽ ടിവികൾ കൈമാറുമെന്നും സുരാജ് പറഞ്ഞു.