കല്ലമ്പലം: റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ വനിതാ പഞ്ചായത്തംഗം മൺവെട്ടിയെടുത്തു. കരവാരം പഞ്ചായത്തിലെ പാവല്ല വഴുതാണിക്കോണം റോഡിലെ വെള്ളക്കെട്ടിനാണ് പരിഹാരമായത്. വെള്ളക്കെട്ട് സമീപത്തെ കുടുംബങ്ങൾക്കും യാത്രക്കാർക്കും തെല്ലൊന്നുമല്ല ദുരിതം സമ്മാനിച്ചത്. തുടർന്നാണ് പഞ്ചായത്തംഗം കെ.ആർ. ബേബി മൺവെട്ടിയുമായെത്തിയത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെ വെള്ളം ചാലുകളിലൂടെ പുരയിടത്തിലേക്ക് ഒഴിക്കിവിട്ടു. തുടർന്ന് നാട്ടുകാരും ചേർന്ന് അടഞ്ഞുകിടന്ന ഓടകളും വൃത്തിയാക്കി. വിഷയം അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കുമെന്നും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്നും പഞ്ചായത്തംഗം പറഞ്ഞു.