ചിറയിൻകീഴ്: അമൃത സ്വാശ്രയസംഘം ചിറയിൻകീഴ് യൂണിറ്റിന്റെ സൗജന്യ മാസ്‌ക് വിതരണം ശ്രദ്ധേയമാകുന്നു. താലൂക്ക് ആശുപത്രിക്ക് മുന്നിലുള്ള കൗണ്ടറിൽ ദിവസവും നൂറുകണക്കിന് പേരാണ് മാസ്‌ക് വാങ്ങാനെത്തുന്നത്. മേയ് 11ന് ആരംഭിച്ച കൗണ്ടറിൽ നിന്നും ഇതുവരെ ഇരുപതിനായിരത്തിലധികം മാസ്‌കുകൾ വിതരണം ചെയ്‌തു. ഒരു ലക്ഷം മാസ്‌കുകൾ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ഉദ്ദേശം. കൊവിഡ് 19 രോഗ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അമൃത സ്വാശ്രയ സംഘം ചിറയിൻകീഴ് മേഖല പ്രസിഡന്റും ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡിയുമായ സി. വിഷ്‌ണുഭക്തൻ പറഞ്ഞു. മാസ്‌കുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടി ഒരാൾക്ക് ഒരു മാസ്‌ക് എന്ന രീതിയിലാണ് വിതരണം നടത്തുന്നത്. രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ മൂന്ന് വരെയുമാണ് കൗണ്ടർ പ്രവർത്തിക്കുന്നത്. ആശുപത്രി അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് മാസ്‌ക് വിതരണത്തിന് താലൂക്ക് ആശുപത്രിക്ക് മുൻവശം തിരഞ്ഞെടുത്തത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിറത്തിവച്ചിരുന്ന താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും 25 ഡയാലിസിസ് രോഗികൾക്കുമുള്ള ന്യൂരാജസ്ഥാൻ മാർബിൾസിന്റെ പ്രതിമാസ ചികിത്സാ സഹായ പദ്ധതി ഈ മാസം മുതൽ പുനരാരംഭിക്കുമെന്നും സി. വിഷ്ണുഭക്തൻ പറഞ്ഞു.