കൊച്ചി: ഞങ്ങൾ എങ്ങനെ ജീവിക്കും....ചോദിക്കുന്നത് പാരലൽ കോളേജ് അദ്ധ്യാപിക അമ്പിളിയാണ്. മൂന്നു മാസമായി ശമ്പളം കിട്ടിയിട്ട്.

അഞ്ചാംഘട്ട ലോക്ക് ഡൗണിൽ സമസ്ത തൊഴിൽ മേഖലകളും തിരിച്ചുവന്നെങ്കിലും പാരലൽ കോളേജുകളുടെയും കോച്ചിംഗ് സെന്ററുകളുടെയും പൂട്ട് തുറന്നിട്ടില്ല.

മൂന്ന് ലക്ഷത്തോളം അദ്ധ്യാപകരും മറ്റു ജീവനക്കാരും ഉൾപ്പെടെ അഞ്ചു ലക്ഷത്തോളം പേരാണ് ഈ അസംഘടിത മേഖലയിൽ യാതൊരു സഹായവും പരിഗണനയും കിട്ടാതെ നട്ടം തിരിയുന്നത്. കേരളത്തിലെ ഉയർന്ന വിദ്യാഭ്യാസ നിലവാരത്തിന് വലിയ സംഭാവന ചെയ്തത് ട്യൂഷൻ സംവിധാനമാണ്. അഭ്യസ്തവിദ്യരായ നിരവധി ആളുകളാണ് ചെറുതും വലുതുമായ വിവിധ കോച്ചിംഗ് സെന്ററുകൾ നടത്തുന്നത്. ഇവരെല്ലാം തന്നെ ജോലിയില്ലാതെ വീട്ടിൽ ഇരിക്കുകയാണ്.

# ചെറിയ ബാച്ചുകളെ അനുവദിക്കണം

രണ്ടാംഘട്ട ഓൺലെെൻ ക്ളാസുകൾ ആരംഭിക്കുമ്പോഴും ട്യൂഷൻ സംവിധാനങ്ങൾ പ്രവർത്തിക്കാൻ നടപടിയൊന്നുമായിട്ടില്ല. ചെറിയ ബാച്ചുകളായി വിദ്യാർത്ഥികൾക്ക് ക്ളാസുകൾ നേരിട്ട് നടത്തണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. ട്യൂഷൻ ക്ളാസുകൾ കൂടി ഓൺലെെൻ ആക്കിയാൽ അത് വിദ്യാർത്ഥികളുടെ പഠനമികവിനെ ബാധിക്കും. ഉയർന്ന മാർക്ക് വാങ്ങാനായി ട്യൂഷനെയാണ് വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്നത്.

# നേരിടുന്ന പ്രശ്നങ്ങൾ

മൂന്ന് മാസമായി വരുമാനമില്ല

സർക്കാർ സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ല

ക്ഷേമനിധിയോ കരുതലോയില്ല

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ല

അഭ്യസ്ഥവിദ്യരായ തൊഴിലാളി വർഗം

# മാനസിക സമ്മർദ്ദം കഠിനം

"കുട്ടികളുടെ പഠനനിലവാരം കുറഞ്ഞാൽ ലക്ഷങ്ങൾ മുടക്കി പഠിക്കുന്ന സ്കൂളിനെയോ കോളേജിനെയോ സമീപിക്കാതെ രക്ഷാകർത്താക്കൾ നേരിട്ടു വന്ന് കാണുന്നത് ട്യൂഷൻ എടുക്കുന്ന അദ്ധ്യാപകരെയാണ്. അദ്ധ്യയന വർഷം മുഴുവൻ മാനസിക സമ്മർദം അനുഭവിക്കുന്നത് ഞങ്ങളാണ്. എന്നാൽ സർക്കാരിൽ നിന്ന് യാതൊരു സഹായവും പരിഗണനയും ‌ഞങ്ങൾക്ക് ലഭിക്കുന്നില്ല."

എം രഞ്ജിത് കുമാർ

ഡയറക്ടർ

മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാത്‌സ് ആൻഡ് സയൻസ്, തിരുവാങ്കുളം

# ഓൺലൈൻ ഭാരമാകും

"ക്ളാസുകളിൽ പഠിപ്പിക്കുന്ന പാഠ്യ ഭാഗങ്ങൾ കൃത്യമായി ഹൃദിസ്ഥമാക്കാൻ സാധിക്കാത്തതിനാലാണ് ട്യൂഷനെ ആശ്രയിക്കുന്നത്. അതും ഓൺലെെൻ ആക്കിയാൽ കുട്ടികളുടെ പഠനഭാരം വർദ്ധിക്കുകയുള്ളു."

ശ്രീജ ശ്രീകുമാർ

അദ്ധ്യാപിക

# ട്യൂഷൻ അനിവാര്യം

"ഈ വർഷത്തെ പഠന രീതികളെല്ലാം വ്യത്യസ്തമാണ്. ഓൺലെെൻ പഠനമായതിനാൽ കുട്ടികൾക്ക് എല്ലാം പറഞ്ഞു കൊടുക്കാൻ രക്ഷാകർത്താക്കൾക്കും സാധിക്കുന്നില്ല. ട്യൂഷൻ ക്ളാസുകൾ ആരംഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്."

സിനി സന്തോഷ്

രക്ഷകർത്താവ്