ബാലരാമപുരം: താന്നിവിള കിഴക്കേക്കര പുത്തൻവീട്ടിൽ ഷാനവാസിന്റെയും ബൽക്കീസിന്റെയും മക്കൾക്ക് ഓൺലൈൻ പഠനത്തിനായി വ്യാപാരി വ്യവസായി സമിതി നേമം ഏരിയ കമ്മിറ്റി ടിവി നൽകി.ഇവരുടെ മൂന്ന് മക്കൾക്കുമായാണ് പഠന സൗകര്യം ഒരുക്കിയത്. മത്സ്യത്തൊഴിലാളിയായ ഷാനവാസിന്റെ മക്കളായ ഐഷയും ആയിഷയും ബാലരാമപുരം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്.അജ്മൽ പൂങ്കോട് എസ്.എവി.എൽ.പി.എസിൽ ചേരാനിരിക്കെയാണ് ഇവരുടെ വാടകവീട്ടിലേക്ക് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ടെലിവിഷൻ നൽകിയത്. സമിതിയംഗമായ അനിൽകുമാർ സ്പോൺസർ ചെയ്ത 32 ഇഞ്ച് എൽ.ഇ.ഡി ടിവി കഴിഞ്ഞ ദിവസം വീട്ടിലെത്തിക്കുകയായിരുന്നു.സമിതി ജില്ലാകമ്മിറ്റി അർഹരായ ഇരുന്നൂറോളം വീടുകളിലാണ് ടെലിവിഷൻ എത്തിക്കുന്നത്. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ എഴുത്തുകാരൻ വിനോദ് വൈശാഖിയുടെ സാന്നിദ്ധ്യത്തിൽ വീട്ടിലെത്തി ടിവ കൈമാറി. ഏര്യാ സെക്രട്ടറി എസ്.കെ.സുരേഷ് ചന്ദ്രൻ,​ സമിതി നേതാക്കളായ അബ്ദുൾ സലാം,​ നവാസ്,​ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഫ്രെഡറിക് ഷാജി,​ അദ്ധ്യാപകരായ മിനിമോൾ,​ കെ.എസ്.ചന്ദ്രിക,​ എസ്.ബി.ഷൈല എന്നിവർ പങ്കെടുത്തു.