കല്ലമ്പലം: കുളങ്ങൾ, തോടുകൾ, അരുവികൾ തുടങ്ങി തണ്ണീർത്തടങ്ങളുടെ സംരക്ഷണവും കയർ ഫെഡിന്റെ വളർച്ചയും ലക്ഷ്യമിട്ട് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സർക്കാർ ത്രിതല പഞ്ചായത്തുകൾക്ക് നൽകിയ കയർ ഭൂവസ്ത്രം പല പഞ്ചായത്തുകളും പൂർണമായും ഉപയോഗിച്ചിട്ടില്ലെന്നും ഇവ നശിക്കുന്നതായും ആക്ഷേപം.
മണമ്പൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷക്കണക്കിന് രൂപ വിലയുള്ള കയർ ഭൂവസ്ത്രം ചാത്തമ്പറ വലിയവിള പാൽ സൊസൈറ്റിക്ക് സമീപം ഉപേക്ഷിച്ചനിലയിൽ വെയിലും മഴയും കൊണ്ട് നശിക്കുന്നതായി പരാതി. സമീപ പഞ്ചായത്തുകളുടെയും സ്ഥിതി വ്യത്യസ്ഥമല്ല.
വളരെ ചെലവ് കുറഞ്ഞ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഗുണകരമായുള്ള പദ്ധതി തുടക്കത്തിൽ നന്നായി ഉപയോഗപ്പെടുത്തിയെങ്കിലും പല പഞ്ചായത്തുകളും കാലക്രമേണ ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇറക്കിയ കയർ ഭൂവസ്ത്രം പോലും പൂർണമായും ഉപയോഗിച്ചില്ല. ലാഭമില്ലെന്ന് കണ്ട് കയർ ഫെഡ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോഴാണ് കയർ ഭൂവസ്ത്ര നിർമ്മാണം ഈ മേഖലയ്ക്ക് ഉണർവ് പകർന്നത്. കയർ മേഖല സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് ഭൂവസ്ത്രം എന്ന ആശയം ഉടലെടുത്തത്. എന്നാൽ പഞ്ചായത്തുകൾ പലതും ഇതിൽ നിന്ന് പിന്മാറിയതോടെ കയർ മേഖലയ്ക്കും മാന്ദ്യം അനുഭവപ്പെട്ടുതുടങ്ങി.