പൂവാർ: അരുമാനൂർ കാലായിത്തോട്ടം ജംഗ്ഷനിൽ നിന്നും കുളവരമ്പ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കത്തുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അരുമാനൂർക്കട ചന്ത, തമ്പുരാൻനട ക്ഷേത്രം, വിദ്യാഭിവർദ്ധിനി ഗ്രന്ഥശാല തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കാത്തതിനാൽ ഇരിട്ടിലായിരിക്കുന്നത്. വൈകുന്നേരങ്ങളിൽ പോലും ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. ഇഴജെന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യവുമുണ്ട്. പൂവാർ ഇലക്ട്രിസിറ്റി ഓഫീസിലും, ഗ്രാമ പഞ്ചായത്തിലും പരാതിപ്പെട്ടുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി ഈ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.