സപ്തതിപൂർത്തിയായ ശരത് ചന്ദ്രബാബുവിന്റെ രാഷ്ട്രീയ ട്രേഡ് യൂണിയൻ ജീവിതം അരനൂറ്റാണ്ട് പിന്നിടുന്നു. അതിൽ എന്തുനേടി എന്ന് ചോദിച്ചാൽ ഇന്ത്യൻ റെയിൽവേയിൽ സ്വയം പ്രയത്നത്താൽ നേടിയെടുത്ത തൊഴിൽ, ട്രേഡ് യൂണിയൻ പ്രവർത്തനത്തിലെ മുന്നണിപ്പോരാളിയായി , നേതാക്കൾക്കും മറ്റുള്ളവർക്കും ട്രെയിനിൽ യാത്രാസൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയതിലൂടെ റെയിൽവേ ബാബു എന്ന അപരനാമവും ഒപ്പമായി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ തലസ്ഥാനത്ത് 1975 ജൂൺ 25 ആദ്യം അറസ്റ്റു ചെയ്യപ്പെട്ടവരിൽ അട്ടക്കുളങ്ങര സബ് ജയിലിൽ കെ. അനിരുദ്ധൻ, മിനർവ ശിവാനന്ദൻ, കുന്നുകുഴി മനോഹരൻ എന്നിവർക്കൊപ്പം റെയിൽവേ ബാബുവും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് ബാബുവിനെ റെയിൽവേയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. റെയിൽവേ വകുപ്പു മന്ത്രിയായിരുന്ന മധുദണ്ഡവതെയുടെ ഉത്തരവിൻപടി പുറത്തായ ബാബു 77ൽ ജനതാ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ അന്ന് രാജ്യസഭാംഗവും പിന്നീട് സംസ്ഥാന ധനമന്ത്രിയുമായിരുന്ന വിശ്വനാഥമേനോന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന്, സർവീസിൽ തിരിച്ചെത്തി. റെയിൽവേ യൂണിയൻ നേതാവായിരുന്ന അനന്തൻ നമ്പ്യാരുടെ ഉത്തമ ശിഷ്യനായിരുന്നു.
എ.കെ.ജിയുമൊത്തുള്ള ബന്ധം ബാബുവിന് മറക്കാനാവാത്തതാണ്. 75 -ലെ അടിയന്തരാവസ്ഥയ്ക്കെതിരെ കണ്ണൂരിൽ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത് എ.കെ.ജി ആയിരുന്നു. മൈക്ക് ഉപയോഗിക്കരുതെന്ന പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തി. പൊലീസുമായുള്ള മൽപ്പിടുത്തത്തിൽ എ.കെ.ജിക്ക് പക്ഷാഘാതം വന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേിൽ ഒരുവർഷത്തോളം തുടർച്ചയായി ആശുപത്രിവാസം. എ.കെ.ജിയെ ശുശ്രൂഷിക്കാൻ പാർട്ടിയുടെ സ്വയം പ്രഖ്യാപിത വോളണ്ടിയറായി മുന്നോട്ടു വന്നത് ബാബുവായിരുന്നു. ആശുപത്രിയിൽ എ.കെ.ജിയെ ശുശ്രൂഷിക്കാൻ സാധിച്ചത് രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. 1977 മാർച്ച് 22ന് എ.കെ.ജിയുടെ മരണം വരെ സഹായിയായി ബാബു കൂടെയുണ്ടായിരുന്നു. തുടർന്ന് കണ്ണൂർ പെരളശ്ശേരിയിലെ എ.കെ.ജിയുടെ തറവാട്ടിലേക്കും അവിടെ നിന്നും പയ്യാമ്പലത്തേക്കും രണ്ട് പകലും രണ്ടു രാത്രിയും നീണ്ട വിലാപയാത്രയോടൊപ്പം സഞ്ചരിച്ചത് എന്നിവയൊക്കെ ഇപ്പോഴും തിളക്കമുള്ള ഓർമ്മകൾ.
റെയിൽവേ കൺസ്ട്രക്ഷൻ ലേബർ യൂണിയൻ, റെയിൽവേ ലൈസൻസ്‌ഡ് പോർട്ടേഴ്സ് ഫെഡറേഷൻ തുടങ്ങി റെയിൽവേ അനുബന്ധ സംഘടനകളുടെ സെക്രട്ടറി സ്ഥാനം വഹിച്ചുപോരുന്ന ബാബു പൊതുപ്രവർത്തനരംഗത്ത് ഇപ്പോഴും സജീവമാണ്. 2009 ൽ കാലിന് ഗുരുതരമായ പരിക്ക് പറ്റി ദീർഘനാൾ ആശുപത്രിവാസവും അനുബന്ധ ചികിത്സയിലുമായിരുന്നു.
രാഷ്ട്രീയ ജീവിതത്തിൽ അധികാര സ്ഥാനങ്ങൾക്കുവേണ്ടി ഗോഡ‌്‌ഫാദർമാരുടെ ചുറ്റും കൂടുന്ന ഇക്കാലത്ത് സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരുടെയും പിറകെ കൂടിയില്ല അദ്ദേഹം. പ്രവർത്തിച്ച പ്രസ്ഥാനത്തിൽ നിന്നും ഒന്നും നേടിയെടുക്കാൻ ശ്രമിച്ചതുമില്ല. നന്തൻകോട് ശ്രീദേവിയാണ് ഭാര്യ. മക്കൾ: ദക്ഷിണ ശരത്, പരേതനായ ഹേമന്ത് ശരത്.
(ലേഖകന്റെ മൊബൈൽ: 9037545565)