തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ മോഹനനെ കാണാതായി 35 ദിവസം പിന്നിട്ടും തുമ്പ് കിട്ടാതെ പൊലീസ്. ഉഴമലയ്ക്കൽ കുളപ്പട സുവർണ നഗർ ഏഥൻസിൽ കെ. മോഹനൻ (58) മേയ് 8ന് 48 പവൻ സ്വർണവും 64,000 രൂപയുമായി ബാങ്കിൽ പോയി സ്‌കൂട്ടറിൽ തിരികെ വരുന്നതിനിടെയാണ് അപ്രത്യക്ഷനാകുന്നത്. ഭാര്യാ സഹോദരന്റെ പറണ്ടോടുള്ള സ്ഥാപനത്തിലാണ് 13 വർഷമായി മോഹനൻ ജോലി ചെയ്യുന്നത്. അവിടെ പണയവസ്‌തുവായി വരുന്ന സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ കൊണ്ടുപോയി പണയും വയ്ക്കുന്നതും തിരികെ എടുക്കുന്നതും മോഹനനാണ്. കരകുളം അഴീക്കോടിനടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സി.സി ടിവി ദൃശ്യങ്ങളിൽ പകൽ 11.02ന് മോഹനൻ സ്‌കൂട്ടറിൽ കടന്നുപോയതായി കാണുന്നുണ്ട്. എന്നാൽ തുടർന്നുള്ള വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സി.സി ടിവി ദൃശ്യങ്ങളിൽ മോഹനനെ കാണാനില്ല. മോഹനന്റെ വാഹനം മുന്നിൽ പോയതായി ഓർക്കുന്നുണ്ടെന്നും കടയിൽ കയറിയതിനാൽ വാഹനത്തെ പിന്നീട് കണ്ടില്ലെന്നുമാണ് മോഹനന്റെ സ്‌കൂട്ടറിന് പിന്നാലെ വന്ന ആട്ടോ ഡ്രൈവർ മൊഴി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ എൽ. സുധാകുമാരി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
മോഹനന് എന്തുപറ്റി ?
സ്ഥിരമായി സ്വർണം കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളവർ ആരെങ്കിലും മോഹനനെ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് ബന്ധുക്കളുടെ സംശയം. ലോക്ക് ഡൗൺ നാളായതിനാൽ നിരത്തിൽ വാഹനങ്ങൾ കുറവായിരുന്നു. മോഹനന് പ്രത്യക്ഷത്തിൽ ശത്രുക്കളില്ല. സാമ്പത്തിക ബാദ്ധ്യതയുമില്ല. മുമ്പ് ഇതിനെക്കാൾ അളവിൽ സ്വർണം കൊണ്ടുപോയിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു. മോഹനന്റെ മൊബൈൽ അവസാനം പ്രവർത്തിച്ചത് കരകുളത്തുവച്ചാണ്. നാട്ടിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യവും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. അങ്ങനെയാണെങ്കിൽ തന്നെ ആരെയെങ്കിലും ബന്ധപ്പെടേണ്ട സമയവും കഴിഞ്ഞു. മൊബൈൽ രേഖകളിലും ഇതിന്റെ സൂചന ലഭിച്ചിട്ടില്ല. സൈബർ തെളിവുകൾ ഒന്നും ലഭിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. ഇതിനിടെ കേസ് അന്വേഷിച്ചിരുന്ന നെടുമങ്ങാട് ഡിവൈ.എസ്.പിയെ മാറ്റി പകരം ആളെത്തി. മോഹനനെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
മേയ് 8ന് മോഹനന്റെ യാത്ര
-----------------------------------------------
രാവിലെ 7.50ന് കെ.എൽ 21 പി 2105 സ്‌കൂട്ടറിൽ വീട്ടിൽ നിന്നു ഇറങ്ങി
8.30ന് പേരൂർക്കട ബാങ്കിലേക്ക് (പ്രഭാത ശാഖ)
10.50ന് ബാങ്കിൽ നിന്ന് ഇറങ്ങി (ഇതിനിടെ സ്വർണം പണയം വയ്ക്കുകയും പഴയ സ്വർണം തിരികെ എടുക്കുകയും ചെയ്തു. കൈയിൽ 62,000 രൂപയും) ബാങ്കിന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങിയശേഷം മടങ്ങുന്നു
11.09ന് കരകുളത്തിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര