b

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി വാർഡിലെ രണ്ട് അങ്കണവാടികളിൽ ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്രയുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കി. കയർ -മത്സ്യത്തൊഴിലാളികളുടെ മക്കൾ തിങ്ങിപ്പാർക്കുന്ന ഈ വാർഡിൽ ടിവിയോ മൊബൈൽ ഫോണോ ഇല്ലാത്തത് കാരണം നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതു മനസിലാക്കി വാർഡ് മെമ്പർ അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ രണ്ട് ടി വി സെറ്റുകൾ വാങ്ങി ഈ അങ്കണവാടികളിൽ സ്ഥാപിക്കുകയും തൊട്ടടുത്ത കേബിൾ വർക്‌സിൽ നിന്നും കേബിൾ കണക്ഷൻ ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള ഏർപ്പാടും ഉണ്ടാക്കി. തിങ്കളാഴ്ച മുതൽ ഈ അങ്കണവാടികളിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയും. പുത്തൻനടയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ടിവി സെറ്റുകൾ അങ്കണവാടി ടീച്ചർമാരെ ഏൽപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി ജയറാം, എസ്.എഫ്.ഐ. മേഖലാ സെക്രട്ടറി വിജയ് വിമൽ, ഷൂബി വിശ്വംഭരൻ, ഷാക്കിർ, എൽ. സ്കന്ദകുമാർ, കെ.ആർ. നീലകണ്ഠൻ, എൽ. ഗീതാകുമാരി എന്നിവർ പങ്കെടുത്തു.