general

ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ വെടിവച്ചാൻ - പുന്നമൂട് റോഡ് തകർച്ചയുടെ വക്കിയിലെത്തിയിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല. ലോക്ക് ഡൗണിന് മുമ്പ് ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും റോഡ്നവീകരണം വൈകുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കരമന - കളിയിക്കാവിള ദേശീയപാതയുടെ നിർമാണം പുരോഗമിക്കുന്നതിനാൽ നെയ്യാറ്റിൻകര ഭാഗത്ത് നിന്നും പള്ളിച്ചലിൽ നിന്നും വരുന്ന വാഹനങ്ങളെല്ലാം വെടിവച്ചാൻകോവിൽ - പുന്നമൂട് റോഡ് വഴിയാണ് പോകുന്നത്. തകർന്നതും ഇടുങ്ങിയതുമായ റോഡിലൂടെയുള്ള യാത്ര ഗതാഗതകുരുക്കും സൃഷ്ടിക്കുന്നുണ്ട്.

കുഴികളടയ്ക്കണമെന്ന് നാട്ടുകാർ

വെടിവച്ചാൻകോവിൽ - പുന്നമൂട് റോഡിലെ 500 മീറ്ററോളം ഭാഗത്തെ കുഴികളാണ് വാഹനയാത്രികർക്ക് വെല്ലുവിളിയായിരിക്കുന്നത്. ഈ ഭാഗത്തെ മെറ്റലും ടാറും പൂർണമായു ഒലിച്ചുപോയി. അടിയന്തരമായി കുഴികൾ നികത്താൻ ഉദ്യോഗസ്ഥർ നടപടി സ്വീരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ പറഞ്ഞു.

നവീകരണത്തിന് ഒന്നേകാൽ കോടി

കാട്ടാക്കട മണ്ഡലത്തിൽപ്പെട്ട പുന്നമൂട് കല്ലിയൂർ - മാവറത്തല റോഡിനും വെടിവെച്ചാൻകോവിൽ - പുന്നമൂട് റോഡിനും ബി.എം ആൻഡ് ബി.സി പദ്ധയിലുൾപ്പെടുത്തി ഒന്നേകാൽ കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധിയും തൊഴിൽ മേഖലയിലെ നിയന്ത്രങ്ങളും റോഡ് നവീകരണത്തിന് വിലങ്ങുതടിയായി.

ദേശീയപാതവഴി വാഹനം പുഃനരാരംഭിച്ചാൽ ടാറിംഗ് ഉടൻ

കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിലുണ്ടായ കാലതാമസമാണ് വെടിവച്ചാൻകോവിൽ - പുന്നമൂട് റോഡിന്റെ നവീകരണം മുടക്കിയത്. ദേശിയപാത അടച്ചതോട ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നിലവിലെ സാഹചര്യത്തിൽ ഗതാഗതം നിയന്ത്രിച്ച് റോഡ് നവീകരണം സാദ്ധ്യമല്ല. ബാലരാമപുരം - പള്ളിച്ചൽ ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചാൽ പുന്നമൂട് റോഡിന്റെ നവീകരണം എത്രയും വേഗം സാദ്ധ്യമാകും. ദേശീയപാതയിൽ അയണിമൂടിന് സമീപം പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് ഒന്നരമാസത്തോളമെടുക്കും.

---------------------------------------------------------------

വേണ്ടത്ര സാവകാശം ലഭിച്ചിട്ടും റോഡിലെ കുഴികളടയ്ക്കാൻ അധികൃതർ തയ്യാറാവാത്തത് നാട്ടുകാരോടുള്ള വെല്ലുവിളിയാണ്. നിർമ്മാണം ഏറ്റെടുത്ത കരാറുകാരനെ വിളിച്ചു വരുത്തി റോഡിലെ കുഴികൾ എത്രയും വേഗം നികത്തണം.

( കേളേശ്വരം ശിവകുമാർ,​ കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് )

 കുഴികളടയ്ക്കാൻ നടപടി സ്വീകരിക്കും

ദേശീയപാത വഴിയുള്ള ഗതാഗതസംവിധാനം പുനഃസ്ഥാപിച്ചാൽ ടാറിംഗ് എത്രയും വേഗത്തിൽ പൂർത്തീകരിക്കും. രാത്രികാലങ്ങളിലും ഇതുവഴിയുള്ള ഗതാഗതം റോഡിന്റെ പുനഃരുദ്ധാരണത്തിന് വെല്ലുവിളിയാണ്. രണ്ട് ദിവസത്തിനുള്ളിൽ കുഴികളടയ്ക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്

( അഖിലേഷ്, അസി.എൻജിനിയർ മരാമത്ത് വിഭാഗം കാഞ്ഞിരംകുളം സെക്ഷൻ )

ഫോട്ടോ ക്യാപ്ഷൻ: ടാറിളകി ചെളിക്കെട്ടായിമാറിയ വെടിവെച്ചാൻകോവിൽ -പുന്നമൂട് റോഡ്