വർക്കല:വർക്കല ഗവ.ഐ.ടി.ഐക്ക് കെട്ടിടം നിർമ്മിക്കാൻ തൊഴിൽ നൈപുണ്യ വകുപ്പ് അഞ്ചരകോടി രൂപ അനുവദിച്ചതായി അഡ്വ.വി.ജോയി എം.എൽ.എ അറിയിച്ചു.അതിന് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.2018ൽ ആരംഭിച്ച ഗവ. ഐ.ടി.ഐ പുന്നമൂട് എൻ.എസ്.എസ് കരയോഗം കെട്ടിടത്തിലും കുരയ്ക്കണ്ണി എൻ.എസ്.എസ് കരയോഗം കെട്ടിടത്തിലുമായാണ് താത്കാലികമായി പ്രവർത്തിക്കുന്നത്.നാല് ട്രെയ്ഡുകളിൽ രണ്ട് വീതം ബാച്ചുകളുണ്ട്.ഐ.ടി.ഐയ്ക്ക് കെട്ടിടം നിർമ്മിക്കുന്നതിന് താലൂക്ക് ഓഫീസിനു സമീപം ആഭ്യന്തര വകുപ്പിന്റെ കൈവശമുളള സ്ഥലത്തു നിന്ന് 1ഏക്കർ 15 സെന്റ് തൊഴിൽ നൈപുണ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.കൈമാറിക്കിട്ടിയ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തു.കെട്ടിട നിർമ്മാണത്തിനു വേണ്ടി ടോട്ടൽ സർവെ നടപടി നടക്കേണ്ടതായിട്ടുണ്ട്.അതു കഴിയുന്നതോടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ പണി ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.