ഭാര്യയ്ക്കും മക്കൾക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൂന്നു മാസം മുമ്പ് മരിച്ച മത്സ്യത്തൊഴിലാളിയായ പൊഴിയൂർ പരുത്തിയൂർ സ്വദേശി ജോണിന്റെ (51) മൃതദേഹം പുറത്തെടുത്ത് ഇന്നലെ പോസ്റ്റു മോർട്ടം നടത്തി. സംസ്കാരം നടന്ന് 100-ാം ദിവസമാണ് പരുത്തിയൂർ മറിയമ മഗ്ദലന പള്ളി സെമിത്തേരിയിലെ കല്ലറതുറന്ന് പോസ്റ്റുമോർട്ടം നടത്തിയത്.
മൃതദേഹത്തിൽ നിന്നും ശേഖരിച്ച അവയവഭാഗങ്ങളും എല്ലുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
മാർച്ച് ആറിന് രാത്രിയായിരുന്നു ജോണിന്റെ മരണം. ഹൃദയാഘാതമെന്നായിരുന്നു ഭാര്യയും മക്കളും ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് മാർച്ച് ഏഴിന് സെമിത്തേരിയിൽ മൃതദേഹം അടക്കി. എന്നാൽ മരണത്തിൽ സംശയം തോന്നിയ ജോണിന്റെ അച്ഛൻ മിഖേലും സഹോദരി ലീൻ മേരിയും മാർച്ച് 9ന് പൊലീസിൽ പരാതി നൽകി. ജോൺ മരിച്ച ദിവസം രാത്രി വീട്ടിൽ തർക്കമുണ്ടായെന്നും ബഹളം കേട്ടെത്തിയ അയൽക്കാരെ ജോണിന്റെ ഭാര്യയും മക്കളും ഒന്നുമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായും സമീപവാസികൾ ലീൻ മരിയയോടും ബന്ധുക്കളോടും പറഞ്ഞതാണ് സംശയത്തിന് കാരണമായത്. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ജോൺ ആത്മഹത്യ ചെയ്തതാണെന്ന് ഭാര്യ സെൽവി, മക്കളായ രാജൻ, ബ്രിജോഷൻ, രാജിഷ എന്നിവർ ലീൻ മരിയയോട് പറഞ്ഞു. ആത്മഹത്യ ചെയ്തതാണെന്ന് പുറംലോകം അറിഞ്ഞാൽ പള്ളി സെമിത്തേരിയിൽ അടക്കാൻ കഴിയാതെവരുമെന്നും അതൊഴിവാക്കാനാണ് കള്ളം പറഞ്ഞതെന്നും സെൽവിയും മക്കളും പറഞ്ഞു. ഇതോടെ സംശയം കൂടുതൽ ബലപ്പെട്ടു. 30വർഷത്തോളം വിദേശത്തായിരുന്ന ജോൺ ഏഴ് വർഷം മുൻപ് മടങ്ങിയെത്തിയ ശേഷമാണ് മത്സ്യബന്ധനത്തിന് പോയിത്തുടങ്ങിയത്. വലിയ ആർഭാടത്തോടെ മകളുടെ വിവാഹം നടത്തി. തുടർന്ന് ജോണിന്റെ സ്വത്തിനെചൊല്ലി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹോദരി പറയുന്നു. ഇതിന് തുടർച്ചയായി സംഭവദിവസം വാക്കേറ്റവും കൈയാങ്കളിയും നടന്നതായും ഇതിനിടെ ജോൺ കൊല്ലപ്പെട്ടതാണെന്നുമാണ് ബന്ധുക്കളുടെ പക്ഷം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. ജോണിന്റെ അമ്മ സെലിൻ മേയ് 16ന് മരിച്ചു.
മൃതദേഹം ജീർണിച്ച നിലയിൽ
ഇന്നലെ രാവിലെ 11.30നാണ് കല്ലറതുറന്ന് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. മൃതശരീരം ജീർണിച്ച അവസ്ഥയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം സൂപ്രണ്ട് ഡോ.ശശികലയുടെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ പരിശോധയ്ക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചു. കഴുത്തിലെയും തലയ്ക്ക് പിന്നലെയും എല്ലുകൾ ശേഖരിച്ചു. തൂങ്ങിമരിച്ചതാണോ തലയ്ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇവ പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്നും പരിശോധിക്കും. നെയ്യാറ്രിൻകര തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്ര് തയ്യാറാക്കി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ടായിരുന്നു. ജോണിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് ചില നാട്ടുകാർ പ്രതിഷേധവുമായെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ അവസാനിച്ചു. പൊഴിയൂർ പൊലീസിനാണ് അന്വേഷണ ചുമതല.